കഠിനംകുളം കായലിലെ കക്കൂസ് മാലിന്യം: ശുചീകരണ നടപടികള്‍ പ്രഹസനം
കഠിനംകുളം: കക്കൂസ് മാലിന്യത്തില്‍ മുങ്ങിയ കഠിനംകുളം കായലിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി. ജീവിതം ദുസ്സഹമായതിനെ തുടര്‍ന്ന് ജനങ്ങള്‍ സമരത്തിനിറങ്ങുമെന്നായപ്പോള്‍ തിരുവനന്തപുരം എ.ഡി.എമ്മിന്റെയും ആരോഗ്യവകുപ്പധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രശ്‌നത്തിന് ഉടന്‍പരിഹാരം കാണുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദേശം സന്ദര്‍ശിക്കാന്‍ പോലും ഇവര്‍ തയാറായിട്ടില്ല.
കഴിഞ്ഞ മാസമാണ് ടണ്‍കണക്കിന് മാലിന്യം ടാങ്കര്‍ ലോറികളില്‍ കായലിന്റെ പലഭാഗത്തായി കൊണ്ട് തള്ളിയത്. ചാന്നാങ്കര, കശാലക്കകം കണ്ടല്‍ പുത്തന്‍കടവ്, കണിയാപുരം പള്ളിനടക്കു സമീപം മധുവിന്‍ കടവ് തോട് എന്നിവിടങ്ങളിലാണ് മാലിന്യം അടിഞ്ഞുകൂടിയിട്ടുള്ളത്.ഈ പ്രദേശങ്ങളില്‍ ജനജീവിതം അത്യന്തം ദുസ്സഹമായിരിക്കുകയാണ്. രൂക്ഷമായ ദുര്‍ഗന്ധം സമീപത്തെ സ്‌കൂളിലെ അധ്യായനത്തെയും തടസപ്പെടുത്തി.ഈ ഭാഗത്ത് സ്‌കൂള്‍ അധികൃതര്‍ സ്വന്തം ചിലവില്‍ മാലിന്യം നീക്കിയെങ്കിലും അത് പൂര്‍ണമായിട്ടില്ല. അതുകൊണ്ടു ദുര്‍ഗന്ധത്തിന് കുറവും വന്നിട്ടില്ല. പ്രദേശത്ത് ത്വക്ക് രോഗങ്ങള്‍ വ്യാപകമായിട്ടുണ്ട്.
കായലില്‍ മത്സ്യബന്ധനം നടത്തി ജീവിച്ചിരുന്നവര്‍ക്കും ഇത് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ കായലില്‍ നിന്നുള്ള മത്സ്യങ്ങള്‍ വാങ്ങാനാളില്ലാത്ത സ്ഥിതിയാണ്.
പാര്‍വതീപുത്തനാറില്‍ നിന്നുള്ള അറവുമാടുകളുടെഅവശിഷ്ടങ്ങളും, മനുഷ്യവിസര്‍ജ്യവും പായലും ചെളിയും ഫ്‌ളാറ്റുകളില്‍ നിന്നും, ആശുപത്രികളില്‍ നിന്നും സമീപപ്രേദേശത്തെ വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങളും സ്വീവേജ് ഫാമിലെ മാലിന്യങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ മാലിന്യങ്ങളും ഈ കായലിലേക്കാണ് ഒഴുകിയെത്തുന്നത്.ഇതിനു പുറമെയാണ് കക്കൂസ് മാലിന്യം കൊണ്ടു തള്ളിയത്.
ജില്ലാഭരണകൂടവും പ്രാദേശിക ഭരണകൂടവും തല്‍സ്ഥിതി തുടര്‍ന്നാള്‍ ശക്തമായ പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."