കാരുണ്യയാത്രയില്‍ യാത്രക്കാരും കൈകോര്‍ത്തു സഹപ്രവര്‍ത്തകന്റെ ചികിത്സക്ക് ബസ് ജീവനക്കാരുടെ 'ഓട്ടം'
വടുവഞ്ചാല്‍: ഇരു വൃക്കകളും തകരാറിലായ സഹപ്രവര്‍ത്തകന്റെ ജീവന് നിലനില്‍ത്താന്‍ വടുവഞ്ചാല്‍ ബത്തേരി റൂട്ടിലെ ബസ് ജീവനക്കാര്‍ മുന്കയ്യെടുത്തപ്പോള് യാത്രക്കാര്‍ മനസ്സറിഞ്ഞ് സഹായിച്ചത് രണ്ട് ലക്ഷത്തോളം രൂപ. വടുവഞ്ചാല്‍ വൈശ്ണവത്തില് വിഷ്ണുവിന്റെ ചികിത്സാര്‍ഥമാണ് ബസ് ജീവനക്കാര്‍ കാരുണ്യ യാത്ര നടത്തിയത്.
ടിക്കറ്റ് ഒഴിവാക്കി ബക്കറ്റുമായിറങ്ങിയപ്പോള് യാത്രക്കാര്‍ നിറഞ്ഞമനസ്സോടെ സഹായിക്കുകയായിരുന്നു. റൂട്ടില്‍ ഓടുന്ന 11 ബസുകളുടെയും ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും നീക്കിവെച്ചു സഹപ്രവര്ത്തകന് വേണ്ടി ജീവനക്കാര്‍ കൂലിയെടുക്കാതെയും സദുദ്യമത്തില്‍ പങ്കാളികളായി.
രണ്ടര ലക്ഷം രൂപയെങ്കിലും ഇങ്ങനെ സ്വരൂപിക്കാനാണ് പദ്ധതിയിട്ടത്. എന്നാല്‍ രണ്ട് ലക്ഷം രൂപക്കടുത്താണ് പിരിഞ്ഞുകിട്ടിയത്. പ്രതീക്ഷിക്കുന്നത്രയും തുക സ്വരൂപിച്ച ശേഷമേ തുക വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറുകയുള്ളൂ.
ബസ് ജീവനക്കാരുടെ സംരഭത്തിന് വടുവഞ്ചാലിലെ വ്യാപാരികളും പൂര്‍ണമനസ്സോടെ സഹകരിച്ചു. വിഷ്ണു നേരത്തെ ഇതേ റൂട്ടിലെ ബസ് ജീവനക്കാരനായിരുന്നു. അസുഖബാധിതനായതോടെ വീട്ടില്‍ വിശ്രമത്തിലാണ്. 10 ലക്ഷം രൂപയാണ് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത്. ഈ തുക കണ്ടെത്താന്‍ എസ്.ബി.ടി വടുവഞ്ചാല്‍ ശാഖയില്‍ 35974669281 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."