ലീഗ് എസ്‌ഡിപിഐയെ പോലെയെന്ന് എംവി ഗോവിന്ദൻ; പാലക്കാട് സരിൻ ഒന്നാമതെത്തും
പാലക്കാട്: പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി.സരിൻ ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. സരിനെ ഒപ്പം കൂട്ടിയത് അടവുനയത്തിൻ്റെ ഭാഗമാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു . എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്. അവരെല്ലാം സരിനെ പോലെ മുൻപ് പാർട്ടിയെ വിമർശിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് മാധ്യമങ്ങൾ അനാവശ്യ പ്രാധാന്യം നൽക്കുന്നുണ്ട്. വയനാട്ടിൽ ആദ്യം രാഹുൽ വന്ന്, പോയി. ഇപ്പോൾ പ്രിയങ്ക വന്നു, പത്രിക കൊടുത്തു, അവരുടെ പാട് നോക്കി പോകും. എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാലും മാധ്യമങ്ങൾ സിപിഎമ്മിനെതിരെ തന്നെയാണ്. പ്രതിപക്ഷത്തെക്കാൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത പറയുന്നത് മാധ്യമങ്ങളാണ്. അവർ വലതുപക്ഷ ആശയമാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്ത്. ഒരു വ്യാജ വാർത്ത പൊളിയുമ്പോൾ അടുത്തതുമായി മാധ്യമങ്ങൾ വരും. മാധ്യമങ്ങളുടെ കളവ് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മനുസ്മൃതി തിരിച്ച് കൊണ്ട് വരണമെന്ന് പറയുന്നവരാണ് ആർ.എസ്.എസ്. അവർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ല. ഹിന്ദു രാഷ്ട്രം എന്നതാണ് ആർഎസ്എസിൻ്റെ സ്വപ്നം കാണുന്നത്. ന്യൂനപക്ഷ വർഗീയതയുടെ വക്താക്കളാണ് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും. എസ്ഡിപിഐയെ പോലെയായി മുസ്‌ലിം ലീഗും മാറിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു .
കേരളതിൽ മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കസേര നോക്കി ഇരിക്കുന്ന അഞ്ച് പേർ കോൺഗ്രസിലുണ്ട്. ശശി തരൂർ, കെ.സുധാകരൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരാണവർ. ഇവരാരും അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനത്തെത്തില്ല. ഇടതുപക്ഷം തന്നെ മൂന്നാമതും കേരളത്തിൽ അധികാരത്തിലെത്തും. അൻവർ ഒന്നുമല്ലെന്ന് പണ്ടേ പറഞ്ഞതാണ്. അൻവറിൻ്റെ റോഡ് ഷോയിൽ പങ്കെടുത്ത കൂടുതൽ ആളുകളും ലീഗ്, എസ്.ഡി.പി.ഐ, ജമാ അത്ത് ഇസ്ലാമിയുടെയും പ്രവർത്തകരാണ്. റോഡ് ഷോയിൽ ഏജൻ്റിനെ വച്ചാണ് അൻവർ ആളുകളെ കൂട്ടിയിരുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."