ജനകീയ തടയണകള്‍ പദ്ധതികള്‍ ഏകോപിപ്പിക്കും: ജില്ലാ ആസൂത്രണ സമിതി
പഞ്ചായത്തുതലത്തില്‍ തടയണ നിര്‍മാണം 20നകം പൂര്‍ത്തിയാക്കണം
ജലസ്രോതസുകള്‍ വീണ്ടെടുക്കാന്‍ പദ്ധതി തയാറാക്കണം
സന്നദ്ധപ്രവര്‍ത്തകരും കൂട്ടായ്മകളും വിദ്യാര്‍ഥികളും പങ്കെടുക്കും
കല്‍പ്പറ്റ: ജില്ലയില്‍ ആസന്നമായ വരള്‍ച്ചയെ നേരിടുന്നതിന് ജനകീയ ഇടപടെല്‍ അനിവാര്യമാണെന്ന് വരള്‍ച്ചാ പ്രതിരോധത്തിനായി പ്രത്യേകം വിളിച്ചുകൂട്ടിയ ജില്ലാ ആസൂത്രണസമിതി അഡ് ഹോക് കമ്മിറ്റി യോഗം വിലയിരുത്തി. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴരേഖപ്പെടുത്തിയ ജില്ല എന്ന നിലയില്‍ വലിയ തോതിലുള്ള വരള്‍ച്ചാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. തുലാമാസത്തില്‍ പെയ്തു വീഴുന്ന മഴവെള്ളം സംഭരിച്ച് ഭൂമിയുടെ അടിത്തട്ടിലേക്ക് ആഴ്ത്തി വിടാന്‍ താല്‍ക്കാലിക തടയണകള്‍ ഗ്രാമങ്ങള്‍ തോറും നിര്‍മിക്കാന്‍ ജില്ലയിലെ മുഴുവന്‍ ആളുകളുടെയും സഹകരണം യോഗം ആവശ്യപ്പെട്ടു.
ഗ്രാമ പഞ്ചായത്ത് തലത്തില്‍ വിദ്യാര്‍ഥികള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി പൊതുജനങ്ങളുടെ പങ്കാളിത്തതോടുകൂടി തോടുകള്‍ക്കും പുഴകള്‍ക്കും കുറുകെ തടയണ നിര്‍മിക്കാന്‍ നിര്‍ദേശം നല്‍കി. ഈമാസം 20നകം തടയണകള്‍ ഒരോ പഞ്ചായത്തും പൂര്‍ത്തിയാക്കണം. ഇതിനായി ത്രിതല പഞ്ചായത്തുകള്‍ അടിയന്തിര ഭരണസമിതിയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ നടത്തണം. തുലമാസത്തിലെ ആദ്യ ആഴ്ചയില്‍ കിട്ടുന്ന മഴവെള്ളത്തെ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതുവഴി കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് നിലനിര്‍ത്താന്‍ കഴിയും. സകൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്‌സ്, എന്‍.സി.സി, നാഷനല്‍ സര്‍വിസ് സ്‌കീം, ക്ലബ്ബുകള്‍, സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക സംഘങ്ങള്‍, ഗ്രന്ഥശാലകള്‍, കൂടുംബശ്രീ, എന്‍.ജി.ഒകള്‍ തുടങ്ങി എല്ലാവിധ കൂട്ടായ്മകളുടെയും സഹകരണമാണ് തടയണ നിര്‍മാണത്തിലും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലും ഉറപ്പുവരുത്തേണ്ടത്.
പരിസ്ഥിതിക്ക് ഹാനികരമായ പ്ലാസ്റ്റിക് ചാക്കുകള്‍ കഴിയുന്നതും ഒഴിവാക്കി പ്രകൃതി സൗഹൃദ തടയണകള്‍ നിര്‍മിക്കാന്‍ ശ്രമിക്കണമെന്ന് അഡ്‌ഹോക്ക് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി നിര്‍ദേശിച്ചു.
കവുങ്ങുകള്‍, പാഴ്മരങ്ങള്‍, മുളകള്‍ എന്നിവയെല്ലാം ഉപയോഗിച്ചുള്ള തടണകളാണ് അഭികാമ്യം. കൃഷിയിടങ്ങളില്‍ മഴക്കുഴികളുമുണ്ടാക്കാം. സുസ്ഥിര തടയണകള്‍ നിര്‍മിക്കുന്നതിന് ശാസ്ത്രീയ പഠനങ്ങളും ഫണ്ടും ആവശ്യമാണ്. അടിയന്തിര ഘട്ടത്തില്‍ താല്‍ക്കാലിക തടയണകളും പരമ്പരാഗത ജലസംരക്ഷണ മാര്‍ഗങ്ങളുമാണ് സ്വീകരിക്കേണ്ടത്. എല്ലായിടങ്ങളിലും ഒരു ദിവസം കൂട്ടമായി ഇറങ്ങി തടയണകളും മറ്റും നിര്‍മിക്കാനാണ് പദ്ധതി. പഞ്ചായത്തുകള്‍ക്ക് ഇതു സംബന്ധിച്ച് ദിനങ്ങള്‍ നിശ്ചയിക്കാം.
പഞ്ചായത്ത് ഈ പ്രവൃത്തികള്‍ ഏകോപിപ്പിക്കണം. തൃശ്ശൂരില്‍ നടപ്പിലാക്കിയതുപോലെ മഴവെള്ളം ശേഖരിക്കുന്നതിനുള്ള മഴപൊലിമ പദ്ധതി ജില്ലയിലും നടപ്പാക്കും. കിണര്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍, സ്വഭാവിക ജലസ്രോതസുകളുടെ പരിപാലനം എന്നിവയെല്ലാം ഏറ്റെടുത്തു നടത്താനും തദ്ദേശീയ തലത്തില്‍ ആലോചനവേണം. കുടിവെള്ളം, ഗാര്‍ഹികാവശ്യത്തിനുള്ള ജലം, വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കുമുള്ള ദാഹജലം, കൃഷിക്കുള്ള ജലം എന്നിങ്ങനെ മുന്‍ഗണനക്രമത്തില്‍ ജലം ഉപയോഗത്തെ കാണണം. വന്യമൃഗ സങ്കേതങ്ങളിലും പരമാവധി മഴവെള്ളം ശേഖരിക്കാനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, എ.ഡി.എം കെ.എം രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെഅസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, പനമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ്കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ സോമസുന്ദരലാല്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ പി ഇസ്മയില്‍, ഒ.ആര്‍ രഘു സംസാരിച്ചു. വിവിധവകുപ്പ് തല ഉദ്യാഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."