സംസ്ഥാന സര്‍ക്കാരിന്റെ ചികിത്സാ സഹായം വൈകല്‍ രോഗികളുടെ പ്രയാസം കാണാതെ പോകരുത്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ചികിത്സാ സഹായങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് രോഗികളെ പ്രയാസത്തിലാക്കുന്നു. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായനിധി, കാരുണ്യ ബെനവലന്റ് ഫണ്ട് എന്നിവയുള്‍പ്പെടെയുള്ള പദ്ധതികളില്‍ നിന്നാണ് ചികിത്സാ ധനസഹായം വൈകുന്നത്. കാന്‍സര്‍, കിഡ്നി രോഗബാധിതരുള്പ്പെടെയുള്ളവര്ക്ക് അടിയന്തരമായി നല്‍കേണ്ട ചികിത്സാ സഹായമാണ് ഇങ്ങനെ നീണ്ടുപോകുന്നത്.
കാന്‍സര്‍ രോഗികള്‍ക്കും കിഡ്നി രോഗികള്‍ക്കുമുള്ള ആശ്വാസ പെന്ഷന്, ആരോഗ്യമന്ത്രി ചെയര്‍മാനായ സൊസൈറ്റിയില്‍ നിന്നുള്ള ധനസഹായം, പട്ടികജാതി വിഭാഗത്തിനുള്ള വകുപ്പ്തല ചികിത്സാ സഹായം എന്നിവയൊന്നും യഥാസമയത്ത് ആളുകളിലെത്തിയിട്ടില്ല. ആശ്വാസ പെന്ഷന് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യവും ശക്തമാണ്. കാന്‍സര്‍ രോഗബാധ മൂര്ച്ഛിച്ചവര്ക്കുള്ള ചികിത്സാ സഹായം അപേക്ഷ ലഭിച്ച് പതിനഞ്ചു ദിവസത്തിനുള്ളിലെങ്കിലും ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സഹായധനം ലഭിക്കാത്തതിനാല്‍ സാധാരണക്കാരായ കിഡ്നി രോഗികളും വലയുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഒരു രോഗിക്ക് പരമാവധി ആറു ഡയാലിസിസ് മാത്രമാണ് ലഭ്യമാകുന്നത്. അതിനാല്‍ രോഗികള്‍ക്ക് പിന്നീട് സ്വകാര്യ ആശുപത്രികളെ സമീപിക്കാതെ ജീവന് നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ്.
കാരുണ്യ ബെനവലന്റ് പദ്ധതി സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് കൂടി നല്‍കണമെന്ന ആവശ്യം 'സ്പര്‍ശം' ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ കാലങ്ങളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഇതിനും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. രോഗികള്‍ക്ക് സമയബന്ധിതമായി ചികിത്സാ സഹായങ്ങള്‍ നല്‍കണമെന്ന് സ്പര്‍ശം ജില്ലാ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്‍ ലത്തീഫ്, വി. രതീഷ്, ചെറിയാന് തോട്ടുങ്കല്‍, സലീം ബാബു, സാഫി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."