കരിനില മേഖലകളില്‍ നഷ്ടം കോടികള്‍; നഷ്ടപരിഹാരം കടലാസിലൊതുങ്ങുന്നു
അമ്പലപ്പുഴ: രണ്ടു മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയിട്ടും കരിനിലമേഖലയിലെ കര്‍ഷകരുടെ നഷ്ടപരിഹാരം കടലാസിലൊതുങ്ങി. ഇലപ്പുള്ളി രോഗം ബാധിച്ച് പുറക്കാട് കരിനിലമേഖലയില്‍ 1,200 ഓളം ഏക്കര്‍ കൃഷിഭൂമിയിലെ നെല്ലാണ് കരിഞ്ഞുണങ്ങിയത്.
കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി മന്ത്രി ജി. സുധാകരനും, വി.എസ്. സുനില്‍കുമാറും കരിനിലമേഖലയിലെ കൃഷിനാശം നേരിട്ടു വിലയിരുത്തിയതാണ്. ഇതിനുശേഷം ഇരുമന്ത്രിമാരും കൃഷി വകുപ്പില്‍ നിന്ന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാസഭാ യോഗത്തിലും അവതരിപ്പിച്ചിരുന്നു.
ഏക്കറിന് 35,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മന്ത്രി സഭാ യോഗത്തിനു ശേഷം ഇതു സംബന്ധിച്ച് പഠിക്കാനായി മന്ത്രി ജി. സുധാകരന്‍, കൃഷി, റവന്യു, ധനകാര്യവകുപ്പു മന്ത്രിമാര്‍ എന്നിവരടങ്ങിയ ഒരു ഉപസമിതിയും സര്‍ക്കാര്‍ നിയോഗിച്ചു.
എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഏക്കറിന് എത്ര രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നതിനെക്കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല. ധനകാര്യവകുപ്പ് സെക്രട്ടറി ഇതില്‍ അനുകൂല തീരുമാനം കൈക്കൊള്ളാത്തതാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ തടസ്സമായി നില്‍ക്കുന്നത് എന്നാണ് സൂചന. ഏക്കറിന് അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം ലഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൃഷി നാശം വിലയിരുത്താനെത്തിയ മന്ത്രിമാരോടും കര്‍ഷകരും കര്‍ഷക സംഘടനകളും ഈ ആവശ്യമുന്നയിച്ചിരുന്നു. കരിനിലങ്ങളിലെ അഞ്ചു പാടശേഖരങ്ങളിലായി 1,200 ഓളം ഏക്കര്‍ കൃഷി ഇലപ്പുള്ളി രോഗബാധയാല്‍ നശിച്ചതോടെ മൂന്നു കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിച്ചതായതാണ് കൃഷി വകുപ്പുതന്നെ അറിയിച്ചിരിക്കുന്നത്.
ഭക്ഷ്യയോഗ്യമല്ലാത്ത നെല്ല് സി വില്‍സപ്ലൈസ് നെക്കൊണ്ട് കാലിത്തീറ്റ ആവശ്യത്തിനായി എടുപ്പിക്കുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പെണ്‍ക്കുട്ടികളുടെ വിവാഹാവശ്യത്തിനും മക്കളുടെ വിദ്യാഭ്യാസത്തിനുമൊക്കെയായിട്ടുള്ള പണം ഈ വിളവെടുപ്പില്‍ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
എന്നാല്‍ കര്‍ഷകരുടെ മനസ്സില്‍ ഇടി തീയേകിയാണ് ഇലപ്പുള്ളി രോഗം പടര്‍ന്നത് .കൊയ്യാന്‍ ദിവസങ്ങള്‍ പ്രായമായി നിന്ന നെല്ലാണ് മഴയില്ലാതിരുന്നതിനെ തുടര്‍ന്ന് നശിച്ചത്.കുട്ടനാട്ടില്‍ മുഞ്ഞ ബാധിച്ച് കൃഷി നശിച്ചതിനെക്കാള്‍ നഷ്ടമാണ് കരിനിലമേഖലയില്‍ ഉണ്ടായതെന്ന് കൃഷിമന്ത്രി തന്നെ പറഞ്ഞിരുന്നു.എന്നിട്ടും ഇവര്‍ക്കുള്ള നഷ്ടപരിഹാര പ്രഖ്യാപനം ഇനിയും വൈകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."