'വാഹനങ്ങളുടെ മരണപ്പാച്ചിലിന് സഡന്‍ ബ്രേക്ക് '
മണലൂര്‍: വാഹനങ്ങളുടെ മരണപാച്ചില്‍ അപകടം വിതയ്ക്കുന്ന കാഞ്ഞാണി പെരുമ്പുഴപ്പാലം പ്രദേശം ഇന്നലെ പകല്‍ വളരെ ശാന്തമായ ഡ്രൈവിങിന് സാക്ഷ്യം വഹിച്ചു. ആധുനിക രീതിയിലുള്ള വാഹനത്തില്‍ അത്യാധുനിക റഡാര്‍ സൗകര്യങ്ങളുമായി പെരുമ്പുഴ പാലം പരിസരത്ത് പൊലിസെത്തിയതിനെ തുടര്‍ന്നാണിത്. തൃശൂരില്‍ നിന്ന് കാഞ്ഞാണി പ്രദേശത്തേക്ക് വന്ന അന്‍പതോളം വാഹനങ്ങള്‍ റഡാറിന്റെ സൂക്ഷ്മ കണ്ണുകളില്‍ ഓവര്‍ സ്പീഡായി പതിഞ്ഞു. എന്നാല്‍ അമിത വേഗതയില്‍ പോകാറുള്ള സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ പെട്ടെന്ന് നല്ല കുട്ടികളായി മാറുന്നതും കണ്ടു. റഡാര്‍ സംവിധാനത്തെപ്പോലും ഭയപ്പെടുത്തുന്ന വേഗതയില്‍ പാഞ്ഞ ചെത്ത് പിള്ളേരുടെ വേഗം റഡാറിന്റെ ഇന്റര്‍ സെപ്ടര്‍ വാഹനത്തെ ബീപ് ശബ്ദമുഖരിതമാക്കി. അര കിലോമീറ്ററിനുള്ളില്‍ ഇവരുടെ വരവറിഞ്ഞ് ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ മുന്നൂറ് മീറ്റര്‍ ദൂരത്തില്‍ കൈ കാണിച്ചുവെങ്കിലും മിന്നായം പോലെ ബൈക്ക് ചീറി പാഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ബൈക്കിന്റെ മുഴുവന്‍ വിവരങ്ങളടങ്ങിയ രേഖ പ്രത്യേക മെഷിന്‍ വഴി ലേസര്‍ പ്രിന്റായി പുറത്ത് വന്നു. ബൈക്ക് യാത്രികര്‍ വീടെത്തും മുമ്പേ ഓവര്‍ സ്പീഡിന്റെ മുഴുവന്‍ വിവരങ്ങളും അവരെ തേടിയെത്തും. ഒരു കോപ്പി അന്തിക്കാട് പൊലിസിനുമെത്തും.
അമിത വേഗതയില്‍ വരുന്ന വാഹനങ്ങളെ അപകടപ്പെടുത്തുന്ന രീതിയില്‍ വേട്ടയാടില്ല. എന്നാല്‍ കൈ കാണിക്കുന്ന നിയമപാലകന് മുന്നില്‍ നിര്‍ത്താതെ പോകുന്നവര്‍ക്ക് ഫൈന്‍ അടച്ച് പോകുന്നതിന് പകരം ഒരു ദിവസത്തെ ജോലിയും കളഞ്ഞ് കോടതിയില്‍ കയറി പിഴയൊടുക്കാം.
ജില്ലയില്‍ ആകെ രണ്ട് വാഹനങ്ങള്‍ മാത്രമാണ് റഡാര്‍ സംവിധാനത്തോടെയുള്ളത്. റൂറല്‍, സിറ്റി എന്നിവിടങ്ങളില്‍ ഓരോന്ന് വീതം വാഹനങ്ങളാണ് നല്‍കിയിട്ടുള്ളത്. കുന്നംകുളം, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, തൃശൂര്‍ സബ് ഡിവിഷനുകള്‍ക്കായി രണ്ട് വാഹനങ്ങള്‍ മതിയാകാത്ത അവസ്ഥയുണ്ട്. ലക്ഷക്കണക്കിന് രൂപ ചിലവ് വരുമെന്നതിനാല്‍ വാഹനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചാല്‍ നിര്‍ത്താതെ പോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ പിന്നാലെ പാഞ്ഞ് അപകടത്തില്‍ പെടുന്ന സംഭവങ്ങളും ഒഴിവാകും. മാല പൊട്ടിച്ച് മിന്നായം പോലെ പായുന്നവരും റഡാറില്‍ കുടുങ്ങും. വാഹനം അടുത്തെത്തുമ്പോള്‍ ചാടി വീഴുന്ന പൊലിസുകാരെ നമുക്ക് ഈ വാഹനത്തില്‍ കാണാനാകില്ല.
അര കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് അമിത വേഗത റഡാറില്‍പ്പെടുന്നതോടെ വാഹനത്തിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ ലഭിക്കും. സഹപ്രവര്‍ത്തകന് മെസേജ് കൈമാറുന്നതോടെ 300 മീറ്റര്‍ ദൂരത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ യാത്രക്കാരന്‍ നിര്‍ത്താനായി കൈ കാണിക്കും. നിര്‍ത്തുന്നവര്‍ക്ക് പിഴയും അവഗണിക്കുന്നവന് കേസും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."