'അലിഗഢ് മലപ്പുറം സെന്റര്‍ മികവിന്റെ കേന്ദ്രമാകണം'
പെരിന്തല്‍മണ്ണ: ഭരണഘടന വിഭാവനം ചെയ്ത ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതവിദ്യാഭ്യാസ രംഗത്തെ മികവിന്റെ കേന്ദ്രമാവണം അലിഗഢ് മലപ്പുറം സെന്ററെന്ന് അലിഗഡ് സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ.പി.കെ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു.
പെരിന്തല്‍മണ്ണയിലെ അലിഗഢ് സെന്ററില്‍ നടന്ന സര്‍സയ്യിദ് അഹ്മദ് ഖാന്റെ 199-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയുടെ സ്ഥാപകനും വിദ്യാഭ്യാസ പരിഷ്കര്‍ത്താവുമായിരുന്ന സര്‍സയ്യിദ് അഹ്മദ് ഖാന് അലിഗഢ് മുവ്മെന്റും ദേശീയോദ്ഗ്രഥനത്തിലും മതേതരത്വാശയങ്ങളുടെ വ്യാപനത്തിലും നല്കിയ സംഭാവനകള്‍ മഹത്തരമായിരുന്നുവെന്നും അവയുടെ തുടര്ച്ചകള്ക്കായിരിക്കണം കേന്ദ്രങ്ങള്‍ നിലകൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക പ്രസക്തിയുള്ള കൂടുതല്‍ കോഴ്സുകള്‍ തുടങ്ങുവാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുവാനും കൂട്ടായ ശ്രമങ്ങളുണ്ടാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
മലപ്പുറം കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. ടി.എന്‍ സതീശന് അധ്യക്ഷനായി. ചടങ്ങില്‍ അസിസ്റ്റന്റ് റജിസ്ട്രാര്‍ മുഹമ്മദ് അസംഖാന് മലപ്പുറം കേന്ദ്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. കേന്ദ്രത്തിനായി പുതുതായി വികസിപ്പിച്ച ഓഫിസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയര് സീനിയര്‍ ടെക്നികല്‍ അസിസ്റ്റന്റ് റാഷിദ് സി കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. സതീശനു സമര്‍പ്പിച്ചു. സര്‍സയ്യിദ് ദിനാഘോഷാത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാമത്സര പരിപാടികളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വിജു നായരങ്ങാടി, മലപ്പുറം കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. പി മുഹമ്മദ്, സയ്യിദ് അഹ്മദ് സാദ്, നൗഷിഖ് പി.സി, സുരയ്യ പി സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. മുഹമ്മദ് ബഷീര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."