ഇറോം ഷര്‍മിളയുടെ പാര്‍ട്ടിയായി: പ്രജയില്‍ വിശ്വാസമെന്ന് അനുയായികള്‍
ഇംഫാല്‍: മണിപ്പൂര്‍ സമരനായിക ഇറോം ഷര്‍മിള പി.ആര്‍.ജെ.എ എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഇംഫാല്‍ പ്രസ്‌ക്ലബ്ബിലായിരുന്നു പ്രഖ്യാപനം. മണിപ്പൂരിലെ രാഷ്ട്രീയ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാന്‍ പാര്‍ട്ടിക്ക് കഴിയുമെന്നു അവര്‍ വ്യക്തമാക്കി.
പീപ്പിള്‍സ് റീ സര്‍ജന്റ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്നാണ് പാര്‍ട്ടിയുടെ പേരിന്റെ പൂര്‍ണരൂപം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം നവംബര്‍ 12ന് വെളിപ്പെടുത്തും.വടക്കുകിഴക്ക് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായാണ് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കിയിട്ടുള്ളത്. വരുന്ന തെരഞ്ഞെടുപ്പില്‍ മണിപ്പൂരിലെ 20 മണ്ഡലങ്ങളില്‍ പാര്‍ട്ടി മത്സരിക്കും.
തൗഞ്ചാല്‍, ഖുറെയ് മണ്ഡലങ്ങളില്‍ താന്‍ മത്സരിക്കുമെന്നും ഷര്‍മിള പ്രഖ്യാപിച്ചു. 16 വര്‍ഷം തന്നോടൊപ്പം നിന്ന മണിപ്പൂരികള്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നു ഷര്‍മിള പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ പ്രഖ്യാപനത്തോട നിരവധി മനുഷ്യാവകാശ സംഘടനകളും അനുഭാവം പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്.
ചടങ്ങില്‍ പാര്‍ട്ടി കണ്‍വീനര്‍ ഇരന്ദോലെയ്‌ചോങ്ങ്ബാം, അഡ്‌ഹോക് കണ്‍വീനര്‍ ഫുണ്‍ട്രിയോമയൂണ്‍ ഹജിമാ തുടങ്ങിയവരും പങ്കെടുത്തു. നേരത്തെ ഷര്‍മിള ഇംഫാലിലെ ജോണ്‍സ്‌റ്റോണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെ സന്ദര്‍ശിച്ചശേഷം, ആദ്യ നിയമസഭ നിലവില്‍ വന്ന 1948 ഒക്ടോബര്‍ 18ന്റെ ഓര്‍മപുതുക്കല്‍ ചടങ്ങിലും പങ്കെടുത്താണ് പ്രസ്‌ക്ലബിലെത്തിയത്.
പട്ടാളത്തിന് പ്രത്യേകാധികാരമുള്ള മണിപ്പൂരില്‍ ജനാധിപത്യത്തിന്റെ തിരിച്ചുവരവിന് തന്റെ നിയോഗം ആവശ്യമായി വന്നിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അഴിമതി രഹിത സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ഇറോം ഷര്‍മിള പ്രത്യാശ പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."