മാലിന്യനിര്‍മാര്‍ജനത്തില്‍ മാതൃകയുമായി ചേലേമ്പ്ര; ഗ്രാമം ആരാമം പദ്ധതി തുടങ്ങി
മലപ്പുറം: പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍ നീക്കിയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു വേര്‍തിരിച്ചു സംഭരിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചും ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്. ജനകീയ കൂട്ടായ്മയിലൂടെ ഗ്രാമം ആരാമം മാലിന്യരഹിത ഗ്രാമം പദ്ധതിക്കു പഞ്ചായത്തില്‍ തുടക്കംകുറിച്ചു.
പ്രവര്‍ത്തനത്തിനാവശ്യമായ പരിശീലനം നല്‍കിയത് ഈ മേഖലയില്‍ മികവു പുലര്‍ത്തിയ കോഴിക്കോട് നിറവ് വേങ്ങേരി എന്ന സംഘടനയാണ്. ഇവരുടെ സഹായത്തോടെ തെരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീലനം നല്‍കുകയായിരുന്നു ആദ്യപടി. ആറു കേന്ദ്രങ്ങളിലായി എണ്ണൂറോളം വളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. തുടര്‍ന്ന് ഓരോ വാര്‍ഡുകളും കേന്ദ്രീകരിച്ചു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. ഓരോ പത്തു വീടുകള്‍ക്കായി ഒരു വളണ്ടിയേറെയും ഒരു അയല്‍ക്കൂട്ടത്തിന് ഒരു റിസോഴ്‌സ് പേഴ്‌സണേയും കണ്ടെത്തി.
എല്ലാ വാര്‍ഡുകളും ഉള്‍പ്പെടുത്തി മാലിന്യമുക്ത സന്ദേശയാത്ര നടത്തി. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കൂട്ടയോട്ടവും സംഘടിപ്പിച്ചു. പൊതുസ്ഥലത്തെ മാലിന്യം ശേഖരിക്കുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ രണ്ടിന് രാവിലെ എട്ട് മുതല്‍ 12വരെ പഞ്ചായത്തില്‍ മാലിന്യ ഹര്‍ത്താല്‍ സംഘടിപ്പിച്ചു. പുല്ലിപ്പുഴയിലും പരപ്പന്‍തോട്ടിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ ശേഖരിച്ചു. ഏകദേശം 150 ചാക്കിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷിന്റെ നേതൃത്വത്തില്‍ ശ്ഖരിച്ചത്.
ഗ്രാമം ആരാമം പദ്ധതിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഡോക്യുമെന്ററിയും ഗ്രാമപഞ്ചായത്ത് തയാറാക്കുന്നുണ്ട്. നവംബറില്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യ രഹിത ഗ്രാമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്.
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ 23ന് നിറവ് സംഘടനയുടെ നേതൃത്തില്‍ ബംഗളൂരുവിലുള്ള റീസൈക്കിളിങ് കേന്ദ്രത്തിലേക്ക് നീക്കും. ഇതിന്റെ ഫ്‌ളാഗ് ഓഫ് 23നു വൈകിട്ട് നാലിന് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."