പിണറായിയെ ലാവ്‌ലിനില്‍ തളയ്ക്കാനൊരുങ്ങി കേന്ദ്രം
തിരുവനന്തപുരം: പിണറായി വിജയനെ വീഴ്ത്താന്‍ സംഘ്പരിവാര്‍ ലാവ്‌ലിന്‍ കേസില്‍ പിടിമുറുക്കുന്നു. പിണറായി വിജയന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിച്ച ലാവ്‌ലിന്‍ കേസ് അടുത്തമാസം ഒന്‍പതിന് ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സി.ബി.ഐയ്ക്കു വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ നേരിട്ട് ഹാജരാകും. പിണറായി വിജയനടക്കമുള്ള മുഴുവന്‍ പ്രതികളെയും വെറുതെവിട്ട സി.ബി.ഐ തിരുവനന്തപുരം പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നും പിണറായി അടക്കമുള്ളവരെ വിചാരണക്ക് വിധേയരാക്കണം എന്നുമാണ് സി.ബി.ഐയുടെ ആവശ്യം.
2013 നവംബര്‍ അഞ്ചിനാണ് പിണറായി വിജയനെയും കൂട്ടുപ്രതികളെയും കുറ്റവിമുക്തമാക്കിയത്. സി.ബി.ഐയെ കൂടാതെ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ശരിയല്ലെന്നും തെളിവുകള്‍ പലതും കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് സര്‍ക്കാരും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു. ജസ്റ്റിസ് കമാല്‍ പാഷയുടെ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനാനുവാദത്തോടെ സി.പി.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണം അഴിച്ചു വിടുന്നുവെന്നൂം കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നുവെന്നും സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്തു നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന ഘടകവുമായി കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വീഴ്ത്താമെന്ന് സംസ്ഥാന ഘടകം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്. സി.ബി.ഐ തിരുവനന്തപുരം പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയ വിധി റദ്ദ് ചെയ്താല്‍ പിണറായി വിജയന്‍ വിചാരണ നേരിടേണ്ടി വരും. വിചാരണ നേരിടേണ്ടി വന്നാല്‍ പിണറായി വിജയന്റെ രാജി ആവശ്യപ്പെടുകയും ചെയ്യാം. ഇതിന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും ഒപ്പം നില്‍ക്കുമെന്നും ആര്‍.എസ്.എസ് നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് അടുത്തമാസം ഒന്‍പതിന് കേസ് പരിഗണിക്കുമ്പോള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ഹാജരാകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരിട്ട് അറിയിച്ചതായാണ് സൂചന.
ഇതിനായി കേസ് ഫയലുകള്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിളിച്ചു വരുത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. പിണറായി വിജയനെ കുറ്റ വിമുക്തനാക്കിയപ്പോള്‍ അപ്പീലിനു പോകാതെ സി.ബി.ഐ മെല്ലെപോക്കു നയമാണ് സ്വീകരിച്ചിരുന്നത്. അപ്പീല്‍ നല്‍കുന്ന സമയപരിധി കടന്നതിനുശേഷമാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഇതുവരെ നാല് തവണയാണ് കേസ് പരിഗണിക്കുന്നത് മാറ്റി വച്ചത്. കേസ് എടുത്തപ്പോള്‍ സി.ബി.ഐ അഡീ.സോളിസിറ്റര്‍ ജനറലിന് ഹാജരാകുന്നതിന് വേണ്ടി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."