ജേക്കബ് തോമസിന്റെ കത്ത്: നളിനി നെറ്റോ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്കിയ കത്തിനെ കുറിച്ച് കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.
അതേസമയം സ്ഥാനമൊഴിയാനുള്ള തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഒാരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് മുഖ്യമന്തിക്കും ആഭ്യന്തര സെക്രട്ടറിക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ഒഴിയുന്നതെന്നാണ് കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
തുറുമുഖ വകുപ്പ് ഓഫിസുകളില്‍ കാര്യക്ഷമമല്ലാത്ത സോളാര്‍ പാനല്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി ഖജനാവിന് നഷ്ടമുണ്ടായെന്നും ഇക്കാലയളവില്‍ ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടി വേണമെന്നും സര്‍ക്കാറിന്റെ ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
52 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വലിയതുറയിലെ തുറമുഖവകുപ്പിന്റെ ആസ്ഥാനം മുതല്‍ കോഴിക്കോട് ബേപ്പൂര്‍ വരെയുള്ള 15 ഓഫിസുകളിലേക്കാണ് ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സോളാര്‍ പാനല്‍ സ്ഥാപിച്ചത്.
ജേക്കബ് തോമസിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി വേണമെന്നാണ് ധനകാര്യപരിശോധനാ വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിപക്ഷവും നിയമസഭയില്‍ അദ്ദേഹത്തിനെതിരേ രംഗത്തുവന്നിരുന്നു.
കൂട്ടിലെ തത്ത ക്ലിഫ് ഹൗസിനു ചുറ്റും പറന്നു നടക്കുന്നുവെന്ന വിഡി സതീശന് എംഎല്‍എയുടെ നിയമസഭയിലെ പരാമര്‍ശവും ജേക്കബ് തോമസിന്റെ മനംമാറ്റത്തിന് കാരണമായി സൂചനയുണ്ട് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."