കുന്ദമംഗലം ഗവ. ആര്‍ട്‌സ് കോളജ് കെട്ടിട നിര്‍മാണം ഇനിയും തുടങ്ങിയില്ല:അധികൃതരുടെ വാക്കും വെറുതെയായി
കുന്ദമംഗലം: കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് കെട്ടിട നിര്‍മാണം ഇനിയും ആരംഭിച്ചില്ല. കെട്ടിട നിര്‍മാണം ആരംഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച് കഴിഞ്ഞ മാസം 'സുപ്രഭാതം'വാര്‍ത്ത നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിന് വേണ്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരും കെട്ടിടം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് വാര്‍ത്ത കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഗവ. കോളജുകളില്ലാത്ത മണ്ഡലങ്ങളില്‍ ഗവ.കോളജുകള്‍ സ്ഥാപിക്കുകയെന്ന നയത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തിന് അനുവദിച്ച കോളജ് കെട്ടിട നിര്‍മാണം ആരംഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിന് ഒരുങ്ങുമ്പോഴാണ് എം.എല്‍.എ പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ നടപടി ആയതായി അറിയിച്ചത്. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ സമരത്തില്‍ നിന്ന് പിറകോട്ട് പോവുകയായിരുന്നു.
എന്നാല്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രവര്‍ത്തി ആരംഭിക്കാനുള്ള യാതൊരു നടപടിയും കെട്ടിടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ആരംഭിച്ചിട്ടില്ല.
ഇതോടെ സമരത്തില്‍ നിന്ന് പിറകോട്ട് പോയ വിദ്യാര്‍ഥി-യുവജന സംഘടനകള്‍ വീണ്ടും സമരത്തിന് ഒരുങ്ങുകയാണിപ്പോള്‍. ഭാവിയിലുള്ള വികസനംകൂടി കണക്കിലെടുത്തുകൊണ്ടുള്ള പ്ലാന്‍ തയാറാക്കി കിട്ടാന്‍ വൈകിയത് കൊണ്ടാണ് പ്രവൃത്തി ആരംഭിക്കാന്‍ വൈകിയെതെന്നായിരുന്നു എം.എല്‍.എ നേരത്തേ പറഞ്ഞിരുന്നത്.
അകാഡമിക് ബ്ലോക്കിന്റെ പ്രവൃത്തിയായിരുന്നു ഇപ്പോള്‍ ആരംഭിക്കേണ്ടിയിരുന്നത്. ലൈബ്രറി, ഓഡിറ്റോറിയം, ഗേള്‍സ് ഹോസ്റ്റല്‍, കാന്റീന്‍ എന്നിവ നിര്‍മ്മിക്കുന്നതിനുള്ള എട്ടു കോടിയുടെ പദ്ധതി സര്‍ക്കാറിന്റെ ഭരണാനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് ആസ്ഥാനമായുള്ള സുശാന്ത് കോണ്‍ട്രാക്‌റ്റേഴ്‌സാണ് കാരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരി 31ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദനാണ് കോളജിന് തറക്കല്ലിട്ടത്. തറക്കല്ലിടല്‍ കര്‍മ്മം കഴിഞ്ഞ് ഒന്‍പത് മാസം ആവാറായിട്ടും കെട്ടിട നിര്‍മാണം ആരംഭിക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ സജീവമായ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
കോളജ് പ്രവൃത്തി ആരംഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങിയ എം.എസ്.എഫ് എം.എല്‍.എയുടെ വാക്ക് കേട്ട് സമരത്തില്‍ നിന്ന് പിറകോട്ട് പോവുകയായിരുന്നു. വാക്ക് പാലിക്കാത്ത അധികൃതരുടെ നടപടയില്‍ പ്രതിഷേധിച്ച് വരും ദിവസങ്ങളില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ഒരുങ്ങുകയാണ് എം.എസ്.എഫ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."