നാദാപുരത്തെ രാഷ്ട്രീയ അക്രമങ്ങളുടെ പ്രതിപ്പട്ടികയില്‍ നിരപരാധികളെന്ന് ആരോപണം
നാദാപുരം: നാദാപുരത്ത് അരങ്ങേറിയ രാഷ്ട്രീയ അക്രമങ്ങളിലെ പ്രതിപ്പട്ടിക പുറത്തിറങ്ങിയതോടെ പ്രതികളിലധികവും നിരപരാധികളെന്ന ആരോപണം ശക്തമായി. അസ്‌ലം വധത്തെത്തുടര്‍ന്ന് നാദാപുരമേഖലയില്‍ നടന്ന രാഷ്ട്രീയ അക്രമത്തില്‍ ഉള്‍പ്പെട്ട പ്രതികളുടെ ലിസ്റ്റാണ് ഏറെ വൈകി പൊലിസ് തയാറാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും നിരപരാധികളാണെന്നാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സംഭവസമയത്ത് നാട്ടിലില്ലാത്തവരും വിദ്യാര്‍ഥികളുമടക്കം പ്രതിപ്പട്ടികയിലുണ്ട്.
അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിക്കുകയും പഠനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്ന വിദ്യാര്‍ഥികളെയടക്കം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പതിവ് രീതി ആവര്‍ത്തിക്കുകയാണ് ചെയ്തിരിക്കുന്നത്. എതിര്‍ പാര്‍ട്ടിക്കാര്‍തന്നെയാണ് പരസ്പരം ഇത്തരക്കാരുടെ പേരുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആരോപണം ഉയരുമ്പോള്‍ ഇവര്‍ കൈമലര്‍ത്തുകയാണ്. പൊലിസ് കേസില്‍ അകപ്പെടുന്നതോടെ ഇവരുടെ ഭാവിജീവിതം തകരുന്ന സ്ഥിതിയാണുള്ളത്. പ്രാദേശിക തലത്തില്‍ ജാഗ്രതാ സമിതികളും സമാധാന കൂട്ടായ്മകളും നിലവിലുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല.
ഫലത്തില്‍ അക്രമസംഭവങ്ങളില്‍ സ്ഥിരമായി ഏര്‍പ്പെടുന്ന അപരാധികള്‍ എപ്പോഴും രക്ഷപ്പെടുന്നു. പാര്‍ട്ടിക്കാര്‍ തന്നെ പ്രതിപ്പട്ടിക നല്‍കുന്നതിനാല്‍ പൊലിസിനും ജോലി എളുപ്പമാണ്. വസ്തുതകളുടെ പരിശോധനയോ അന്വേഷണമോ നടത്താതെ കുറ്റപത്രം തയാറാക്കി കോടതിയില്‍ സമര്‍പ്പിക്കുന്നു. നിരപരാധികളെന്നു ഉറപ്പുള്ളവര്‍ കേസില്‍ ഉള്‍പ്പെടുന്നതോടെ പ്രതികളാകുന്ന നിരവധിപേരുടെ കുടുംബങ്ങള്‍ തകരുകയാണ്. ഇതിനു ഒരറുതി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."