ആയിറ്റി ഉപതെരഞ്ഞെടുപ്പ്: പ്രചരണം സമാപിച്ചു
തൃക്കരിപ്പൂര്‍: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കരിപ്പൂര്‍ ആയിറ്റി ഒന്നാം വാര്‍ഡിലേക്കുള്ള പരസ്യ പ്രചരണം സമാപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ കെ.വി തഹ്സീറ, എല്‍.ഡി.എഫ് സ്വതന്ത്രയായി സി.പി.എമ്മിലെ വി.വി അജിത, ബി.ജെ.പിക്കു വേണ്ടി എം ഷൈനി എന്നിവരാണു മത്സര രംഗത്തുള്ളത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് റിബലായി മത്സരിച്ചു വിജയിച്ച വി അനീസയുടെ രാജിയെ തുടര്‍ന്നാണ് ആയിറ്റിയില്‍ ഉപതെരഞ്ഞെടുപ്പിനു വഴിയൊരുങ്ങിയത്. മുസ്ലിം ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ഉമ്മുകുല്സുവിനെതിരേ വനിതാ ലീഗ് പ്രാദേശിക നേതാവായ വി അനീസ 301 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. റിബല്‍ സ്ഥാനാര്‍ഥിയെയും ഇവരെ സഹായിച്ചെന്നാരോപിച്ച് എസ്.ടി.യു നേതാവ് ശംസുദ്ദീന്‍ ആയിറ്റി, വാര്‍ഡ് ലീഗ് പ്രസിഡന്റായിരുന്ന പി.പി റഷീദ് ഹാജി എന്നിവരെ മുസ്ലിം ലീഗില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നു പാര്‍ട്ടി നേതൃത്വവുമായി ഒരുമിച്ചു പോകാനുള്ള ഇവരുടെ ആവശ്യത്തെ തുടര്‍ന്നാണ് അനീസ പഞ്ചായത്ത് അംഗ സ്ഥാനം രാജിവെച്ചത്. ഇതോടെ പാര്‍ട്ടി നടപടിയെടുത്തവരെ തിരിച്ചെടുക്കുകയും ചെയ്തു. നാളെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷമുണ്ടാക്കിയെടുക്കാനുള്ള ഒരുക്കത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍.
സി.പി.എം സജീവ പ്രവര്‍ത്തകയായ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി മത്സരിക്കുന്നത് മണ്‍കലം ചിഹ്നത്തിലാണ്. പ്രചരണം അവസാനിക്കുന്ന ഇന്നലെ ഇരു മുന്നണികളുടെ റാലികള്‍ ആയിറ്റി ജങ്ഷനില്‍ പൊലിസ് വഴിതിരിച്ചു വിട്ടു. സംഘര്‍ഷം കണക്കിലെടുത്ത് നീലേശ്വരം സി.ഐയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സംഘം എത്തിയിരുന്നു.
നിലവില്‍ 1527 വോട്ടര്‍മാരാണ് ആയിറ്റി സ്കൂളിലെ രണ്ടു ബൂത്തുകളിലായി വോട്ടു രേഖപ്പെടുത്തേണ്ടത്. നാളെ രാവിലെ ഏഴുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."