അവകാശികളില്ലാത്ത 741 വാഹനങ്ങള്‍ ലേലം ചെയ്യും
പാലക്കാട്: ജില്ലയില്‍ വിവിധ കേസുകളിലുള്പ്പെട്ടതിനെ തുടര്‍ന്ന് പിടിച്ചെടുത്ത് പൊലിസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ ലേലം ചെയ്യുന്നു. അവകാശികളില്ലാത്തതും നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 741 വാഹനങ്ങളാണ് ലേലം ചെയ്യുകയെന്ന് ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസ് അറിയിച്ചു.
ടൗണ്‍ സൗത്ത്, ട്രാഫിക്, ടൗണ്‍ നോര്‍ത്ത്, മങ്കര, കസബ, വാളയാര്‍, ഹേമാംബികാനഗര്, മലമ്പുഴ, കോങ്ങാട്, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, കോട്ടായി , വടക്കഞ്ചേരി, മംഗലംഡാം, കുഴല്‍മന്ദം, പുതുനഗരം, നെന്മാറ, കൊല്ലങ്കോട്, ചെര്‍പ്പുളശ്ശേരി , ശ്രീകൃഷ്ണപുരം, പട്ടാമ്പി, ചാലിശ്ശേരി, മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, ഷോളയൂര്‍ പൊലിസ് സ്റ്റേഷന് പരിസരത്ത് അതത് സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ വാഹനം സൂക്ഷിച്ചിട്ടുണ്ട്.
കേരളാ പൊലിസ് ആക്റ്റ് 56 വകുപ്പ് പ്രകാരം അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ചാണ് ലേലം ചെയ്യുക. ഈ വാഹനങ്ങളില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫിസര്‍ മുന്‍പാകെ അവകാശം ഉന്നയിക്കാം. അല്ലാത്ത പക്ഷം അവകാശികളില്ലാത്തതായി പരിഗണിച്ച് പരസ്യമായ പൊതുലേലം വഴി സര്‍ക്കാരിലേക്ക് മുതല്‍കൂട്ടും. എം.എസ്.ടി.സി. ലിമിറ്റഡിന്റെ mstcecommerce.com വഴിയാണ് ഇ-ഓക്ഷന് നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."