ബൈപാസിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പണം കൈമാറുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍
നിലമ്പൂര്‍: ആദ്യഘട്ട ബൈപാസിനായി ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് പണം കൈമാറുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍. നിര്‍മാണമാരംഭിച്ച പ്രധാന ബൈപാസിലെ ആദ്യ ഘട്ടത്തിനായി ഭൂമി വിട്ടു നല്‍കുന്നവരില്‍ നിന്നും സ്ഥലം സംബന്ധിച്ച രേഖകള്‍ അധികൃതര്‍ സ്വീകരിച്ചു.
നിലമ്പൂര്‍ ടി.ബിയില്‍ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം അധികൃതര്‍ എത്തിയാണ് ഭൂഉടമകളില്‍ നിന്നും ബാധ്യതകളില്ലെന്നു തെളിയിക്കുന്ന ഭൂരേഖകള്‍ ഏറ്റു വാങ്ങിയത്. ആദ്യ ഘട്ട നിര്‍മാണത്തിനായി 49 പേരാണ് ഭൂമി വിട്ടു നല്‍കുന്നത്. ഇതില്‍ ആറു പേരൊഴിച്ച് ഇന്നലെ നടത്തിയ സിറ്റിങിലെത്തി രേഖകള്‍ കൈമാറി. പുതിയ രീതിയില്‍ ഭൂമിയുടെ വില നിര്‍ണയം നടത്തേണ്ടി വന്നതിനാല്‍ പണം ലഭിക്കാന്‍ വൈകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭൂഉടമകള്‍ കലക്ടറെ നേരിട്ടു കാണുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. രേഖകള്‍ പ്രകാരം ഓരോ ഭൂഉടമക്കും ലഭിക്കേണ്ട വില രേഖപ്പെടുത്തി റിപ്പോര്‍ട്ട് തയാറാക്കി ഒരാഴ്ചക്കുള്ളില്‍ ചെക്കുകള്‍ കൈമാറാനാകും. ബൈപാസിനായി ഏറ്റെടുക്കുന്ന ഭൂമിയില്‍ പുരയിടം 4 വിഭാഗങ്ങളായും നിലം 3 വിഭാഗങ്ങളായും തിരിച്ചാണ് വില നിര്‍ണയം അധികൃതര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ പുരയിടത്തിന് കൂടിയ ന്യായവില സെന്റൊന്നിന് 2,49.260 രൂപയും കുറഞ്ഞ ന്യായവില 95250 രൂപയുമായാണ് കണക്കാക്കിയിരിക്കുന്നത്. നിലത്തിന് കൂടിയ ന്യായവില 97750 ഉം കുറഞ്ഞത് 52000 രൂപയുമാണ്. സര്‍ക്കാര്‍ തീരുമാനപ്രകാരം തുക ഇരട്ടിയായും വിജ്ഞാപന തിയതി മുതലുള്ള പലിശയും ചേര്‍ത്തായിരിക്കും ഭൂഉടമകള്‍ക്കു ലഭിക്കുക. ആദ്യഘട്ട നടപടികള്‍ പൂര്‍ത്തിയായതോടെ അടുത്ത ഘട്ടങ്ങളില്‍ കാലതാമസം നേരിടാന്‍ സാധ്യതയില്ല. വില നിര്‍ണയ നടപടികള്‍ എല്ലാ ഘട്ടത്തിനും ഒരേ രീതിയിലായതിനാല്‍ ഇത് പെട്ടെന്ന് പൂര്‍ത്തീകരിക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."