അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവന- വേതന വ്യവസ്ഥകള്‍ക്ക് നിയമം കൊണ്ടുവരും
തിരുവനന്തപുരം: സ്വാശ്രയ കോളജുകള്‍ അടക്കമുള്ള അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചുകൊണ്ട് നിയമം കൊണ്ടുവരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ച് എന്‍. ശംസുദ്ദീന്‍ കൊണ്ടുവന്ന അനൗദ്യോഗിക ബില്ലിന് അവതരണാനുമതി തേടിയപ്പോള്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഇതിനായി സഭയില്‍ ബില്‍ കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ബില്‍ തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ മൊത്തത്തില്‍ ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിയമവ്യവസ്ഥകള്‍ പാലിച്ചല്ല ഇപ്പോള്‍ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അടിമസമാനമായ അവസ്ഥയാണ് ഈ മേഖലയിലെ അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്കുള്ളത്. ഇതെല്ലാം കണക്കിലെടുത്താണ് നിയമം കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. വ്യക്തമായ വ്യവസ്ഥകളോടു കൂടിയ ഒരു സമഗ്ര ബില്‍ തയാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. വ്യവസായ, കാര്‍ഷിക മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള തൊഴില്‍ നിയമങ്ങള്‍ പോലും അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇല്ലെന്ന് അനൗദ്യോഗിക ബില്ലിന് അവതരണാനുമതി തേടിയ എന്‍. ശംസുദ്ദീന്‍ പറഞ്ഞു. പലര്‍ക്കും ലഭിക്കുന്ന മാസ ശമ്പളം 5,000 രൂപയ്ക്കു താഴെയാണ്. ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടും ഇവരുടെ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."