തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡ്രസ്‌കോഡ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ജീന്‍സും ടീ ഷര്‍ട്ടും ലഗ്ഗിന്‍സും ധരിക്കണമെങ്കില്‍ പഠനകാലയളവ് കഴിയണം. മെഡിക്കല്‍ കോളജ് ക്യാംപസില്‍ നിന്ന് ഇവയെല്ലാം പുറത്താക്കാനാണ് അധികൃതരുടെ തീരുമാനം.
വിദ്യാര്‍ഥിനികള്‍ ജീന്‍സും, ടോപ്പും,ലഗ്ഗിന്‍സും, ഷോര്‍ട്ട് ടോപ്പുകള്‍ കാഷ്വല്‍ ഡ്രസ്, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ ആണ്‍കുട്ടികള്‍ ടീഷര്‍ട്ടും ധരിക്കരുതെന്ന് കാണിച്ച് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സര്‍ക്കുലറിറക്കി.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആശുപത്രി കമ്മിറ്റിയ്ക്ക് ശേഷമാണ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഗിരിജ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പോസ്റ്റിങ്, ഹാജര്‍ നില എന്നിവയെക്കുറിച്ചെല്ലാമുള്ള നിര്‍ദേശം നല്‍കുന്ന സര്‍ക്കുലറില്‍ ഡ്രസ് കോഡ് കൂടി ഉള്‍പ്പെടുത്തിയത്. നിര്‍ദേശം ലംഘിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. ഇതിനെതിരേ പരസ്യമായ പ്രതിഷേധത്തിന് വിദ്യാര്‍ഥികള്‍ തയാറായിട്ടില്ലെങ്കിലും അവര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് ഇത് കാരണമായി.
എന്നാല്‍ എല്ലാവര്‍ഷവും ഡ്രസ് കോഡ് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവാണിതെന്നും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഡ്രസ് കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും വിദ്യാര്‍ഥികളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഇതിനെതിരായ പരാതികളോ പ്രതിഷേധമോ ഉണ്ടായിട്ടില്ലെന്നും വൈസ് പ്രിന്‍സിപ്പല്‍ ഗിരിജ സുപ്രഭാതത്തോട് പറഞ്ഞു.
അതേ സമയം മാന്യമായ ഏത് വസ്ത്രവും ധരിക്കാന്‍ അവകാശമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."