ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിച്ചില്ല ഐ.ഒ.സിയില്‍ വീണ്ടും അനിശ്ചിതകാല സമരം തുടങ്ങി
ഫറോക്ക്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ(ഐ.ഒ.സി) കോഴിക്കോട് മേഖലാ ഡിപ്പോക്കു കീഴിലെ ട്രക്ക് ഉടമകളും തൊഴിലാളികളും ഇന്നലെ മുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. ഐ.ഒ.സിയുടെ ടെന്‍ഡര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണു സമരം.
ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍, ട്രേഡ് യൂനിയന്‍ കോഡിനേഷന്‍ കമ്മിറ്റി എന്നിവ സംയുക്തമായാണ് ഫറോക്കിലെ ഡിപ്പോയില്‍ സമരം പ്രഖ്യാപിച്ചത്. കൊച്ചി ഇരുമ്പലത്തും ഇതേ ആവശ്യമുന്നയിച്ച് ഇന്നുമുതല്‍ സമരം ആരംഭിക്കും. കഴിഞ്ഞമാസം ട്രക്ക് ഉടമകള്‍ അനിശ്ചിതകാല സമരം തുടങ്ങിയിരുന്നെങ്കിലും എറണാകുളം ജില്ലാ കലക്ടര്‍ ഇടപെട്ടു ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് അന്നു സമരം പിന്‍വലിക്കുകയായിരുന്നു. ഒത്തുതീര്‍പ്പു ചര്‍ച്ചയിലെ വ്യവസ്ഥകള്‍ നടപ്പാക്കാതെ ഐ.ഒ.സി മുന്നോട്ടുപോയതാണു വീണ്ടും സമരത്തിനിടയാക്കിയത്.
ഇന്ധന വിതരണക്കാര്‍ക്കും ട്രക്ക് ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ദ്രോഹകരമാകുന്ന ഇന്ധനം നല്‍കുന്നതിലെ പുതിയ ടെന്‍ഡര്‍ വ്യവസ്ഥകള്‍ ഒരു മാസത്തിനകം പരിഹരിക്കാമെന്നാണു ചര്‍ച്ചയില്‍ കമ്പനി ഉടമകള്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ കമ്പനി ഉടമകള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നു തൊഴിലാളി യൂനിയനുകള്‍ വ്യാഴാഴ്ച നോട്ടിസ് നല്‍കി ഇന്നലെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. കമ്പനി അധികൃതര്‍ നിലവിലെ വാടക വെട്ടിക്കുറച്ചത്, പുതിയ സെന്‍സര്‍ ഫിറ്റ് ചെയ്യണമെന്നുള്ള നിര്‍ദേശം, പുതിയ ലോക്ക് സിസ്റ്റം എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. ഐ.ഒ.സി അധികൃതര്‍ ടെന്‍ഡര്‍ വ്യവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ കൊണ്ടുവന്ന് ട്രക്ക് ഉടമകളെയും തൊഴിലാളികളെയും ബുദ്ധിമുട്ടിക്കുകയാണെന്നു സമരക്കാര്‍ ആരോപിച്ചു.
അതേസമയം, സമരം നീണ്ടുപോയാല്‍ മലബാര്‍ മേഖലയില്‍ ഇന്ധനക്ഷാമത്തിനിടയാക്കും. ഫറോക്ക് ഡിപ്പോയില്‍നിന്നാണ് കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ഐ.ഒ.സി ബങ്കുകളിലെത്തുന്നത്. ദിവസവും 140 ട്രക്കുകളാണ് ഇവിടെനിന്ന് ലോഡ് കയറ്റിപ്പോകുന്നത്. മലബാറിലെ 60 ശതമാനത്തിലേറെ ബങ്കുകളും ഐ.ഒ.സിക്കു കീഴിലാണ്. കൊച്ചി ഇരുമ്പലത്തെ പ്രധാന കേന്ദ്രത്തിലും ഇന്നുമുതല്‍ സമരം ആരംഭിക്കുന്നതിനാല്‍ തെക്കന്‍ ജില്ലകളിലും ഇന്ധനവിതരണ കേന്ദ്രങ്ങള്‍ നിശ്ചലമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."