ഇടതുസര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍: ഉമ്മന്‍ചാണ്ടി
ഏകസിവില്‍കോഡ്: വിഭാഗീയത വളര്‍ത്താനുള്ള ബി.ജെ.പി ശ്രമത്തിന്റെ പുതിയ പതിപ്പ്
കോഴിക്കോട്: ഇടതുസര്‍ക്കാര്‍ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രിമാര്‍ തങ്ങള്‍ നടത്തിയ അഴിമതി സ്വയം സമ്മതിച്ചു പുറത്തുപോകുകയാണ്. മന്ത്രിയായിരിക്കെ കുടുംബക്ഷേത്ര നവീകരണത്തിനു തേക്ക് സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ടു വനംമന്ത്രിക്ക് ഇ.പി ജയരാജന്‍ കത്തെഴുതിയെന്ന കാര്യവും പുറത്തുവന്നിരിക്കുകയാണ്. ബന്ധുനിയമനങ്ങളെക്കുറിച്ച് ആരോപണമുയര്‍ന്നപ്പോള്‍ കേവലം രണ്ടു നിയമനങ്ങള്‍ മാത്രം റദ്ദാക്കി ബാക്കിയുള്ളവയെ രക്ഷിക്കാനും സാധൂകരിക്കാനുമുള്ള ശ്രമങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നത്. നാദാപുരത്തും കണ്ണൂരിലും രാഷ്ട്രീയകൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ സമാധാനയോഗം വിളിച്ചുചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയാറാകുന്നില്ല. സമാധാനയോഗം സംഘടിപ്പിക്കുന്നതിന് മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.
ഇന്ത്യന്‍ ജനസമൂഹത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഏകപക്ഷീയമായി ലോ കമ്മിഷന്‍ രൂപീകരിച്ചതുതന്നെ വിവാദമായിരിക്കുകയാണ്. ആനുകൂല്യങ്ങളും പദ്ധതികളും വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ മറുവശത്തു വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് വായ്പകള്‍ അനുവദിച്ചും കടങ്ങള്‍ എഴുതിത്തള്ളുകയുമാണു ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് കെ.സി അബു അധ്യക്ഷനായി. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എന്‍. സുബ്രഹ്മണ്യന്‍, പി.എം സുരേഷ്ബാബു, മുന്‍ മന്ത്രിമാരായ എം.ടി പത്മ, പി. സിറിയക് ജോണ്‍, ബെന്നി ബെഹനാന്‍, ടി. സിദ്ദീഖ്, കെ. പ്രവീണ്‍കുമാര്‍, കെ. ജയന്ത്, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം അബ്ദുറഹ്മാന്‍, സത്യന്‍ കടിയങ്ങാട് പ്രസംഗിച്ചു.
സ്വാശ്രയ സമരം നടത്തി ജയില്‍വാസം അനുഷ്ഠിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയും മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണനെയും ഉമ്മന്‍ചാണ്ടി ഷാള്‍ അണിയിച്ചു സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."