ഇന്ത്യന്‍ ജയിലുകളില്‍ കൂടുതലും ദരിദ്രരും പിന്നാക്കക്കാരും
ന്യൂഡല്‍ഹി: ഇന്ത്യയിലെ ജയിലുകളില്‍ ഏറ്റവുമധികം കഴിയുന്നത് സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗം. ഇന്ത്യന്‍ ജയിലുകളില്‍ 66 ശതമാനവും പട്ടികജാതി-വര്‍ഗക്കാരും മറ്റുപിന്നാക്ക ജാതിക്കാരുമാണ്. ഇത് അവരുടെ ജനസംഖ്യാനുപാതത്തിനെക്കാളും വരും.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ അഴിക്കുള്ളില്‍ കിടക്കുന്നത്. തടവുകാരില്‍ 20 ശതമാനത്തിലേറെ മുസ്‌ലിംകളാണെന്നും കഴിഞ്ഞവര്‍ഷത്തെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ(എന്‍.സി.ആര്‍.ബി) റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലുകളില്‍ 95 ശതമാനം തടവുപുള്ളികളും പുരുഷന്‍മാരാണ്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ സ്ത്രീ തടവുകാരുള്ളത്- 3533 പേര്‍. സംസ്ഥാനത്തെ പുരുഷ തടവുകാരുടെ എണ്ണം 85214 ആണ്. കേരളത്തില്‍ 7100 പുരുഷതടവുകാരും 219 സ്ത്രീതടവുകരും ഉണ്ട്. 24 പുരുഷതടവുകാരുള്ള ലക്ഷദ്വീപില്‍ ഒരുസ്ത്രീതടവുകാരി പോലുമില്ല. രാജ്യത്തെ മെച്ചപ്പെട്ട ജയില്‍ സൗകര്യങ്ങള്‍ ഉള്ള സംസ്ഥാനങ്ങളിലൊന്നു കേരളമാണെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
രാജ്യത്ത് മൊത്തം 4,19623 തടവുകാരില്‍ 67 ശതമാനവും വിചാരണത്തടവുകാരാണ്. ഇതില്‍ അഞ്ചുവര്‍ഷത്തിലേറെ വിചാരണ കാത്തുകഴിയുന്നവരും ഉണ്ട്. 32 ശതമാനം തടവുകാരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. മൊത്തം വിചാരണാതടവുകാരില്‍ 1.3 ശതമാനം ആളുകള്‍ അഞ്ചുവര്‍ഷത്തിലേറെയും 4.1 ശതമാനം ആളുകള്‍ മൂന്നിനും അഞ്ചിനും ഇടയില്‍ വര്‍ഷവും ജയിലില്‍ കഴിയുന്നവരാണ്. കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലാണ് ഏറ്റവും കൂടുതല്‍ വിചാരണത്തടവുകാരുള്ളത്- 84 ശതമാനം.
52 ശതമാനം വിചാരണത്തടവുകാരുള്ള ഉത്തരാഖണ്ഡാണ് ഇക്കാര്യത്തില്‍ പിന്നില്‍. കേരളത്തില്‍ 62 ശതമാനം വിചാരണതടവുകാരുണ്ട്. ദേശീയ ശരാശരിയേക്കാള്‍ അഞ്ചുശതമാനം കുറവാണിത്. മഹാരാഷ്ട്രയിലാണ് ഏറ്റവുംകൂടുതല്‍ ജയിലുകളുള്ളത്- 154. തമിഴ്‌നാട്ടില്‍ 137ഉം രാജസ്ഥാനില്‍ 126 ജയിലുകളുണ്ട്. ഇക്കാര്യത്തില്‍ പതിനൊന്നാം സ്ഥാനത്തുള്ള കേരളത്തില്‍ സെന്‍ട്രല്‍, ജില്ലാ, സബ്ജയിലുകള്‍ ഉള്‍പ്പെടെ 53 ജയിലുകളാണുള്ളത്. കുറ്റക്കാരെന്നു കണ്ടെത്തിയ തടവുകാരില്‍ 59 ശതമാനവും കൊലക്കേസ് പ്രതികളാണ്. തടവുകാരില്‍ നല്ലൊരുശതമാനം നിരക്ഷരരാണ്. വിചാരണതടവുകാരില്‍ 28ഉം കസ്റ്റഡിയെടുക്കപ്പെട്ടവരില്‍ 40 ശതമാനവും നിരക്ഷരരാണ്.
മൊത്തം തടവുകാരില്‍ അഞ്ചുശതമാനമാണ് ബിരുദധാരികള്‍. റിമാന്‍ഡ് ചെയ്യപ്പെട്ടവരില്‍ 23 ശതമാനവും വിചാരണാതടവുകാരില്‍ 21 ശതമാനവും മുസ്ലിംകളാണ്. എന്നാല്‍ കുറ്റക്കാരെന്നു വിധിക്കപ്പെട്ട തടവിലുള്ള മുസ്ലിംകള്‍ 16 ശതമാനം മാത്രമാണ്. കുറ്റക്കാരെന്നു വിധിക്കപ്പെട്ടു തടവിലുള്ള 66 ശതമാനം പേരും ജീവപര്യന്തം അനുഭവിക്കുന്നവരാണ്. കേരളത്തില്‍ 20 (499 പേര്‍) ശതമാനം പേരാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, പുതുച്ചേരി, ദാമന്‍ദിയു, ഛത്തിസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ തടവുകാരില്‍ 70 ശതമാനത്തോളം ആളുകളും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവരാണ്.
ആവശ്യമായ അളവില്‍ ജയില്‍ ജീവനക്കാരുള്ള സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളമാണ്. 1824 ജീവനക്കാരാണ് സംസ്ഥാനത്തെ ജയിലുകളില്‍ വേണ്ടത് എങ്കില്‍, 1759 ജീവനക്കാര്‍ നിലവിലുണ്ട്. അഞ്ചിലൊരു തടവുകാരന് ഒരുജീവനക്കാരന്‍ എന്ന അനുപാതമാണ് കേരളത്തിലെ ജയിലുകളിലുള്ളത്.
ജാര്‍ഖണ്ഡിലിത് 24ഉം ഉത്തര്‍പ്രദേശില്‍ 15ഉം ആണ്. കേരളത്തിലെ ജയിലുകളിലെ പരമാവധി ശേഷി 6150 ആണ്. എന്നാല്‍ 7325 പേരാണ് സംസ്ഥാനത്ത് ആകെയുള്ളത്. കേരളത്തില്‍ രണ്ടുപേരാണ് കഴിഞ്ഞവര്‍ഷം ജയിലില്‍ അസ്വാഭാവികമായി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."