ശശികല ടീച്ചര്‍ക്കെതിരേ കേസെടുക്കാത്തതിലൂടെ സര്‍ക്കാരിന്റെ ഇരട്ടമുഖം പുറത്തായി: യൂത്ത് ലീഗ്
കാസര്‍കോട്: സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കഴിയുന്ന മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷവും, ശത്രുതയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രസംഗം നടത്തുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചര്‍ക്കെതിരേ തെളിവ് സഹിതം കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.ഷുക്കൂര്‍ ജില്ലാ പൊലിസ് ചീഫിന് പരാതി നല്കി ഒരാഴ്ചയായിട്ടും കേസെടുക്കാത്തതിലൂടെ ഇക്കാര്യത്തിലെ പിണറായി സര്‍ക്കാരിന്റെ ഇരട്ട മുഖം പുറത്തായിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറല്‍ സെക്രട്ടറി ടി.ഡി കബീറും പ്രസ്താവിച്ചു.
കഴിഞ്ഞ മാസം നല്കിയ സമാനമായ പരാതിയില്‍ ആ ദിവസം തന്നെ കേസ് രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കേസെടുക്കാതെ ഒളിച്ച് കളിക്കുകയാണ്. പൊലിസിന് സ്വമേധയാ കേസെടുക്കാന്‍ പറ്റുന്ന കുറ്റമായിട്ടും പരാതി എഴുതി നല്‍കിയിട്ടും കേസെടുക്കാത്തത് മതേതര വിശ്വാസികള്‍ക്കിടയില്‍ ആശങ്കയുളവാക്കുന്നുവെന്നും വിദ്വേഷ പ്രസംഗം നടത്തുന്ന ശശികല ടീച്ചറുടെ പ്രസംഗങ്ങളിലെ ഓരോ വരിയും വ്യത്യസ്ഥ മതവിശ്വാസികള്‍ക്കിടയില്‍ ശത്രുതയും പരസ്പര വിദ്വേഷവും ജനിപ്പിക്കുന്നതുമാണ്. ഇത്തരം വിശയങ്ങളില്‍ മതേതരവാദികളെന്ന് നടിക്കുന്ന ഡി.വൈ.എഫ്.ഐ അടക്കമുള്ള യുവജന സംഘടനകളുടെ മൗനം സംശയാസ്പദമാണ്.
വര്‍ഗ്ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന എല്‍.ഡിഎഫ് സര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് മതേതര വിശ്വാസികളോടൊപ്പം ചേര്‍ന്ന് നേതൃത്വം നല്കുവാന് യൂത്ത് ലീഗ് മുന്‍കൈ എടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."