സബ്‌സിഡിയിനത്തില്‍ നല്‍കുന്ന കക്കയ്ക്ക് ഗുണനിലവാരമില്ലെന്ന്
കടുത്തുരുത്തി: നെല്‍കര്‍ഷകര്‍ക്കായി സബ്‌സിഡിയിനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന കക്ക ഗുണനിലവാരമില്ലാത്തതെന്ന് വ്യാപക പരാതി.
ഗുണനിലവാരമില്ലാത്ത കക്കാ പാടത്ത് ഇടുന്നത് ഗുണത്തെക്കാളേറേ ദോഷമാണുണ്ടാക്കുന്നതെന്നും നെല്‍കര്‍ഷകര്‍ ചൂണ്ടികാണിക്കുന്നു.
പാടത്ത് നിക്ഷേപിക്കുന്ന കക്കാ ചില്ല് പൊട്ടുന്നതുപോലെ പൊട്ടിപോവൂകയാണെന്നും മണ്ണുമായി യാതൊരു പ്രതിപ്രവര്‍ത്തനവും നടത്താതെ വെറുതെ കിടക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
ആസിഡ് പോലുള്ള കെമിക്കല്‍ ചേര്‍ന്നതാണ് ഇപ്പോള്‍ കൃഷിവകുപ്പ് ഇടപെട്ട് ചില സഹകരണ ബാങ്കുകളുമായി സഹകരിച്ചു നല്‍കുന്നതെന്നും ഇതു പാടത്ത് ഇടുന്നത് മണ്ണിനും അതിലൂടെ നെല്ലിനും ദോഷമാണെന്നും കര്‍ഷകര്‍ചൂണ്ടികാണിക്കുന്നു. ഒരേക്കറിന് 250 കിലോ കക്കായാണ് സര്‍ക്കാര്‍ സബ്‌സിഡിയായി കര്‍ഷകന് നല്‍കുന്നത്. ഇതില്‍ 75 ശതമാനവും സബ്‌സിഡിയായിട്ടാണ് നല്‍കുന്നത്.
കൃഷിഓഫീസറും നിശ്ചയിച്ചിരിക്കുന്ന ഏതങ്കിലും സഹകരണബാങ്കിന്റെ വികസനസമിതിയുമാണ് കര്‍ഷകന് കക്കാ നല്‍കുന്നതില്‍ തീരുമാനമെടുക്കുന്നത്. കൃഷി ഓഫീസര്‍ നിര്‍ദേശിക്കുന്ന കടയില്‍ നിന്നുമാണ് കര്‍ഷകന്‍ കക്കാ വാങ്ങേണ്ടത്.
അടുത്തിടെ ഇത്തരത്തില്‍ ലഭിച്ച കക്കാ പഴയ സ്റ്റോക്കും ഗുണനിലവാരമില്ലാത്തതുമാണെന്ന് ആയാംകുടി പള്ളിതാതഴെ പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ കര്‍ഷകര്‍ പറഞ്ഞു.
സര്‍ക്കാര്‍ നല്‍കുന്ന കക്കായുടെ അളവ് കുറഞ്ഞാലും നല്‍കുന്നതിന് ഗുണനിലവാരമുണ്ടായിരിക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. ചൂളയില്‍ നീറ്റിയ യഥാര്‍ത്ഥ കക്കായാണെങ്കില്‍ മണ്ണുമായി അലിഞ്ഞു രാസപ്രവര്‍ത്തനം നടക്കുമെന്നും ഇതു കൃഷിക്ക് ഏറേ ഗുണമാണെന്നും കര്‍ഷകര്‍ പറയുന്നു.
പാടത്തെ പുളിപ്പ്, അമ്ലം എന്നിവ കളയുന്നതിനാണ് കൃഷിക്ക് മുമ്പ് പാടത്ത് കക്കാ ഇടുന്നത്.
ഇതിന്റെ ഗുണം 120 ദിവസത്തോളം പാടത്തുണ്ടാവും. കൂടാതെ നെല്‍മണിക്കും ഇതു ഗുണം ചെയ്യുമെന്ന് കര്‍ഷകര്‍ പറയുന്നു.
പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ 96 ഏക്കറില്‍ കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി ഗുണനിലവാരമില്ലാത്ത കക്കായാണ് ലഭിക്കുന്നതെന്നും സമീപത്തെ മറ്റു പാടശേഖരങ്ങളില്‍ നല്‍കുന്ന കക്കായുടെ അവസ്ഥയും ഇതുതന്നെയാണെന്നു കര്‍ഷകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."