സി.പി.എം ഏരിയാ സെക്രട്ടറിയുടെ വീടാക്രമണം; മൂന്നുപേര്‍ അറസ്റ്റില്‍
ചെറുതോണി: സി.പി.എം ഇടുക്കി ഏരിയ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്റെ വീടാക്രമിച്ച് മാതാപിതാക്കളെ മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ബിജു വാഴപ്പിള്ളില്‍ (38), ജോമോന്‍ കൊച്ചുപറമ്പില്‍(31), മനോജ് മഠത്തിനകത്ത്(38) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലര്‍ച്ചെ ഈട്ടികവലയില്‍ നിന്നാണ് ഇവരെ തങ്കമണി പൊലിസ് കസ്റ്റഡിയിലെടുത്തത്. കട്ടപ്പന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ നവംബര്‍ നാലുവരെ റിമാന്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി രണ്ടുമണിക്കാണ് കാല്‍വരിമൗണ്ടിലെ റോമിയോയുടെ വീട്ടില്‍ കടന്നുകയറിയ 15 പേരടങ്ങിയ സംഘം വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാതാപിതാക്കളെ മര്‍ദിച്ചത്. കേസിലുള്‍പ്പെട്ട 12 പേരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതിചേര്‍ക്കപ്പെട്ട ബൈനു കല്ലംമാക്കല്‍, മഹേഷ് മഠത്തിനകത്ത്, റോയി ഏറത്ത്, ടോണി കടുംതൊട്ടി, വെങ്കിടേഷ് മുല്ലേറുകുഴി, വിപിന്‍ദാസ് കിഴക്കേക്കര, ബാബുക്കുട്ടന്‍ ചെമ്പകശ്ശേരി, ജോമോന്‍ കൊല്ലംപറമ്പില്‍, ഷാജി താന്നിയ്ക്കല്‍, തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്. അതേസമയം അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും, അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും തങ്കമണി എസ്.ഐ കെ.ജെ ജോഷി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."