ഖത്തറില്‍ പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബറില്‍ പ്രാബല്യത്തില്‍
ദോഹ: വിദേശികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമം ഡിസംബര്‍ 13ന് ഖത്തറില്‍ പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസമാണ് നിയമം പ്രാബല്യത്തില്‍ വരിക. 2015 ഡിസംബര്‍ 13നാണ് നിമയത്തിന് അമീര്‍ അംഗീകാരം നല്കി ഗസറ്റില്‍ പ്രസിദ്ധീകരിച്ചത്. രാജ്യത്തെ പ്രവാസികളുടെ തൊഴില്‍,താമസം തുടങ്ങിയവ സംബന്ധിച്ച പുതിയ നിയമത്തെക്കുറിച്ച് രണ്ട് മാസത്തെ ബോധവല്‍ക്കരണ ക്യാംപയില്‍ ഈ മാസം ആദ്യം ആരംഭിച്ചിരുന്നു.
കരാര്‍ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് ജോലി മതിയാക്കി രാജ്യം വിടുന്ന പ്രവാസി തൊഴിലാളിക്ക് പ്രസ്തുത കരാറിന്റെ കാലാവധി കഴിയുന്നത് വരെ രാജ്യത്തേക്ക് തിരികെവരാന്‍ സാധിക്കില്ല. സ്പോണ്‍സര്‍ഷിപ്പ് (കഫാല) സംവിധാനത്തില്‍ നിന്ന് മാറി കരാര്‍ അടിസ്ഥാനമാക്കിയാണ് പ്രവാസികളുടെ തൊഴിലും താമസവും എന്നതിനാല്‍ പുതിയ നിയമം വലിയ മാറ്റങ്ങള്‍ക്കു വഴിവെക്കും.
എക്സിറ്റ് പെര്‍മിറ്റ് (ഖുറൂജ്) സംവിധാനവും ഒഴിവാക്കിയിട്ടുണ്ട്. പുതിയ തൊഴില്‍ കരാര്‍ ലഭിച്ചാല്‍ രാജ്യത്ത് നിന്ന് പോയി അടുത്തദിവസം തന്നെ തിരികെ വരാനാവുമെന്ന് ഖത്തര്‍ അഭിഭാഷക സംഘടന വൈസ് ചെയര്മാന് ജസ്നാന്‍ അല്‍ ശമ്മാരിയെ ഉദ്ധരിച്ച് ദ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യാവകാശവും പ്രവാസി തൊഴിലാളികളുടെ അവകാശവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം. ലേബര്‍ കോടതികള്‍ ഉണ്ടെങ്കിലും തൊഴില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."