നീതിപീഠത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകൂടാ
നിയമാധിഷ്ഠിത നീതി അടിസ്ഥാനപ്രമാണമായി സ്വീകരിക്കപ്പെട്ട നീതിക്രമമാണു നമ്മുടെ രാജ്യം പിന്തുടരുന്നത്. ആംഗ്ലോ-സാക്‌സണ്‍ നിയമം പിന്തുടരുന്ന നാടാണു നമ്മുടേത്. ഇതിന്റെ പോരായ്മകളും പാളിച്ചകളും നമ്മെ അസ്വസ്ഥരാക്കുന്ന സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. നമ്മുടേതായ ഒരു നീതിസമ്പ്രദായം വേണമെന്ന പക്ഷക്കാര്‍ നമുക്കിടയിലുണ്ട്.
പ്രതി കുറ്റാരോപിതനായാല്‍ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത പ്രതിക്കാണെന്നു വ്യവസ്ഥചെയ്തിട്ടുള്ള നിയമസമ്പ്രദായങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലുമുണ്ട്. പക്ഷേ, ഇന്ത്യ ആ രീതിയല്ല സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിയമവ്യവസ്ഥയനുസരിച്ച് പ്രോസിക്യൂഷന്‍ കുറ്റം സംശയാതീതമായി തെളിയിക്കണം. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു ലഭിക്കുകയും ചെയ്യും.
വൈകാരികമായി മനുഷ്യമനസുകളെ വേട്ടയാടുന്ന ക്രൂരവും നിഷ്ഠൂരവുമായ ഒട്ടേറെ സംഭവങ്ങള്‍ നമുക്കിടയിലുണ്ടാകുന്നുണ്ട്. ഇത്തരം സംഭവങ്ങളില്‍ സമൂഹം വൈകാരികമായി പ്രതികരിക്കുക സ്വാഭാവികമാണ്. പക്ഷേ, നീതിപീഠത്തിന്റെ ആത്യന്തികമായ തീര്‍പ്പില്‍ തെളിവുകള്‍ക്കുപകരം വൈകാരികസമീപനങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന സ്ഥിതിവിശേഷം നാടിനു മൊത്തത്തില്‍ ആപത്കരമാണ്. അതു നിയമവിരുദ്ധവുമാണ്.
സൗമ്യകേസിന്റെ റിവ്യൂ ഹരജി പരിഗണിക്കുമ്പോള്‍, തൃശ്ശൂരിലെ സെഷന്‍സ് കോടതിയില്‍ വിചാരണ നടത്തിയ ന്യായാധിപന്‍ പ്രോസിക്യൂഷനിലുള്ള താല്‍പ്പര്യം ഉരുണ്ടുകൂടി സുപ്രിംകോടതിയിലെ നടപടികള്‍ക്കു സാക്ഷ്യംവഹിക്കാന്‍ അവിടെ എത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. അദ്ദേഹം ഒരു പക്ഷത്തിന്റെ ആളായി മാറുകയായിരുന്നു. ആ മുന്‍ന്യായാധിപനും കേസ് അന്വേഷിച്ച ഉന്നത പൊലിസ് ഓഫിസറും പഴയ പ്രോസിക്യൂട്ടറുമൊക്കെ ഒത്തുചേര്‍ന്ന് കേസു കാര്യങ്ങളുടെ നടത്തിപ്പുകാരായി എന്നുവേണം മനസിലാക്കാന്‍.
തുടര്‍ന്ന് ഇവരെല്ലാം മുന്‍ സുപ്രിംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജുവിന്റെ വീട്ടിലെത്തി കാര്യങ്ങള്‍ നീക്കിയതായും മാധ്യമങ്ങള്‍ പറയുന്നു. ഈ മൂവര്‍സംഘത്തിന്റെ നടപടികള്‍ അധാര്‍മികവും നിയമവിരുദ്ധവുമാണെന്നു പറയാതിരിക്കാന്‍ നിര്‍വാഹമില്ല. സാമാന്യബുദ്ധിയുള്ള ആര്‍ക്കും വിചാരണ നടത്തിയ ന്യായാധിപന്‍ പ്രോസിക്യൂഷനും മറ്റുമായി ചേര്‍ന്നു മുന്‍വിധികളാല്‍ നയിക്കപ്പെട്ടിരിക്കുന്നുവെന്നുതന്നെയാണ് ഇതില്‍നിന്ന് അനുമാനിക്കുക.
ഏതു കേസിലും ജഡ്ജി നിഷ്പക്ഷനും വാദിയെയും പ്രതിയെയും ഒരേ കണ്ണും കാതും മനസും കൊണ്ടു സമീപിക്കുന്നവനുമായിരിക്കണം. ഒരു കേസിന്റെ കാര്യത്തിലും ന്യായാധിപന്‍ വ്യക്തിതാല്‍പ്പര്യമോ മുന്‍വിധിയിലൂന്നിയ വൈകാരിക കാഴ്ചപ്പാടോ പ്രകടിപ്പിച്ചുകൂടാ. തന്റെ മുന്നിലെത്തുന്ന തെളിവുകളെ നിയമത്തിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി വിലയിരുത്തി കേസിനു തീര്‍പ്പുകല്‍പ്പിക്കാന്‍ ജഡ്ജി ബാധ്യസ്ഥനാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ ജഡ്ജി വ്യക്തിതാല്‍പ്പര്യം കാണിക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കലുമായിരിക്കും.
കേരളത്തെ പിടിച്ചു കുലുക്കിയ സൗമ്യവധക്കേസ് വിചാരണനടത്തി വിധിപ്രഖ്യാപിച്ച ന്യായാധിപനു വ്യക്തിതാല്‍പ്പര്യമുണ്ടായിരുന്നെന്ന് ആളുകള്‍ ന്യായമായും സംശയിക്കും. ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിച്ചതോടെ ബഹുമാന്യനായ ന്യായാധിപന്‍ ആ കേസു സംബന്ധിച്ച കാര്യങ്ങള്‍ ഹൃദയത്തില്‍നിന്ന് ഇറക്കിവയ്‌ക്കേണ്ടതായിരുന്നു. ന്യായാധിപനില്‍നിന്നു പ്രതീക്ഷിക്കുന്ന മാന്യതയും സദാചാരനിഷ്ഠയും ജുഡീഷ്യല്‍ മനഃസാക്ഷിയും ഇവിടെ തകര്‍ന്നിരിക്കുകയാണ്.
ഈ ജഡ്ജിയെ എന്തിനു പൊക്കിയെടുത്ത് സുപ്രിംകോടതിയിലും ജസ്റ്റിസ് കട്ജുവിന്റെ വീട്ടിലുമെത്തിച്ചുവെന്ന ചോദ്യത്തിനു സമൂഹമനഃസാക്ഷി ഉത്തരം തേടുകയാണ്. ബന്ധപ്പെട്ടവര്‍ വ്യക്തമായ ഉത്തരം നല്‍കില്ല. പൊലിസും കോടതിയും പ്രോസിക്യൂഷനും ഒരേബിന്ദുവില്‍ ഏകമനസോടെ കേന്ദ്രീകരിച്ചു നടത്തുന്ന ക്രിമിനല്‍ക്കേസിന്റെ വിചാരണ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നീതിസങ്കല്‍പ്പങ്ങളുടെ അടിവേരുകളെയാണു ദുര്‍ബലമാക്കുന്നത്. റിവ്യൂ ഹരജിയില്‍ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കെ.ടി.എസ് തുളസിക്കു സുപ്രിംകോടതിയില്‍ ഉത്തരംമുട്ടിപോയതും പ്രോസിക്യൂഷന്‍ സെല്‍ഫ് ഗോളടിച്ച കേസാണെന്നു പറയേണ്ടിവന്നതും സമൂഹം മനസിരുത്തി ചിന്തിക്കേണ്ട വിഷയമാണ്. തൃശ്ശൂരില്‍ ഒട്ടേറെപ്പേര്‍ വാഴ്ത്തപ്പെട്ടവരാക്കിയവര്‍ എത്രവലിയ തെറ്റാണു ചെയ്തതെന്ന് ആത്മപരിശോധന നടത്തുകയാണുവേണ്ടത്.
കേരളത്തിനകത്തും പുറത്തും കൊലക്കേസുകളില്‍ മരിച്ചുപോയ ഇരകള്‍ കേസിന്റെ വിചാരണയും വിധിപ്രഖ്യാപനവും കഴിഞ്ഞു സ്വന്തംനാട്ടില്‍ തിരിച്ചെത്തിയ എത്രയോ സംഭവങ്ങളുണ്ട്. ആയിരംകുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടു കൂടായെന്നത് നമ്മുടെ ക്രിമിനല്‍ നിയമത്തിന്റെ അടിയുറച്ച അടിത്തറയാണ്. സൗമ്യക്കേസില്‍ കൊടുംപാതകിയായ നികൃഷ്ഠജീവിയെന്നു വിശേഷിപ്പിക്കാവുന്ന ആ കുറ്റവാളിക്കു പരമാവധി ശിക്ഷ ലഭിക്കണമെന്ന് ഉള്ളില്‍ത്തട്ടി ആഗ്രഹിക്കുന്നയാളാണ് ഈ ലേഖകന്‍.
നിയമാധിഷ്ഠിത നീതിയുടെ ദോലകം പൊലിസിന്റെയും മറ്റു നിക്ഷിപ്ത താല്‍പ്പര്യകാരുടെയും കരുനീക്കത്തിനൊത്തു ചരിഞ്ഞുകൂടാ. അത്തരം സാഹചര്യം നിയമവാഴ്ചയുടെ മരണമണിയായിരിക്കും മുഴക്കുക. അത് അരാജകത്വത്തിലേയ്ക്കായിരിക്കും നാടിനെ കൊണ്ടെത്തിക്കുക. സുപ്രിംകോടതി വിധി നാടിന്റെ നിയമമായി മാറുമെന്ന സത്യം പരമോന്നത നീതിപീഠത്തിനു തള്ളിക്കളയാവുന്നതല്ല. നിരപരാധികളുടെ തലയുരുളുന്ന നിയമവ്യവസ്ഥ ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ദൂരക്കാഴ്ചയോടെ കാര്യങ്ങള്‍ കാണുകയും നിയമാധിഷ്ഠിതനീതിയുടെ പെന്‍ഡുലം നേരേ നിര്‍ത്തുകയുമാണു വേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."