കുഴല്‍പണ ഇടപാട്: ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ സഊദിയില്‍ പൊലിസ് പിടിയില്‍
റിയാദ്: കുഴല്‍പണ ഇടപാടിനെ തുടര്‍ന്ന് സഊദിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. 14 ബില്യണ്‍ റിയാലിന്റെ കുഴല്‍പണ ഇടപാട് കേസിലാണ് ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലിസ് വലയിലായത്. പിടിയിലായ ഇന്ത്യക്കാരില്‍ മലയാളികളുമുണ്ടെന്നാണ് സൂചന. വിവിധയിടങ്ങളില്‍ നിന്നും സ്വരൂപിക്കുന്ന പണം സഊദിക്ക് പുറത്ത് കടത്താന്‍ സഹായിച്ചതിനാണ് ഹൗസ് ഡ്രൈവര്‍ പൊലിസ് പിടിയിലായത്. സംഘത്തില്‍ മലയാളികളുള്‍പ്പെടെ നിരവധി പേരെ പിടികൂടാനുണ്ടെന്നും സംശയമുണ്ട്.
വിദേശികള്‍ നല്‍കുന്ന പണം ഇന്ത്യക്കാരനായ മറ്റൊരാളെ ഏല്‍പ്പിച്ചതിനാണ് ഹൗസ് ഡ്രൈവര്‍ക്കെതിരേയുള്ള കുറ്റം. ഇയാള്‍ ചോദ്യം ചെയ്യലില്‍ ഇത് സമ്മതിച്ചതായി പ്രോസിക്യൂഷന്‍ ബ്യൂറോ വിഭാഗം വെളിപ്പെടുത്തി. പിടികൂടുന്ന അവസരത്തില്‍ 60,000 ഓളം റിയാല്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കാറില്‍ ഭദ്രമായി ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടെത്തിയത്.
ഹൗസ് ഡ്രൈവറില്‍ നിന്നും ആഴ്ചയില്‍ മൂന്നു ദിവസമാണ് സംഘം പണം ശേഖരിക്കുന്നത്. പണം ശേഖരിക്കുന്നതിനായി ഇയാള്‍ 3,500 റിയാല്‍ പ്രതിഫലവും കൈപറ്റിയിരുന്നു. സ്‌പോണ്‍സറുടെ മക്കളെ സ്‌കൂളുകളിലും മറ്റും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ച ശേഷമുള്ള ബാക്കി സമയങ്ങളിലാണ് ഇയാള്‍ പണം സ്വരൂപിക്കാന്‍ സമയം കണ്ടെത്തിയിരുന്നത്. എന്നാല്‍ തന്റെ കീഴില്‍ ജോലി ചെയ്യുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരുന്നതായി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് സ്‌പോണ്‍സര്‍ പ്രോസിക്യൂഷന്‍ മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കു പിന്നില്‍ വന്‍ സംഘം തന്നെ കുഴല്‍പണ ഇടപാടുമായി പ്രവര്‍ത്തിക്കുന്നുവെന്നും മതിയായ രേഖകളില്ലാതെ കുഴല്‍പണ ഇടപാടില്‍ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ ആളുകള്‍ രംഗത്തുണ്ടെന്നും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."