ധൃതിപിടിച്ചു തീരുമാനം എടുക്കരുതെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മുത്വലാഖ് നിരോധിക്കുന്നതു സംബന്ധിച്ചു ധൃതിപിടിച്ച് തീരുമാനമെടുക്കരുതെന്നും വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമെ തീരുമാനമെടുക്കാവൂവെന്നും കോണ്‍ഗ്രസ്.
ഏതെങ്കിലും ഒരു മതത്തിന്റെ വ്യക്തിനിയമങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ എല്ലാ അഭിപ്രായങ്ങളും കണക്കിലെടുക്കുകയും പരസ്പര വിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും വേണമെന്നും പാര്‍ട്ടി വക്താവ് ആര്.പി.എന്‍. സിങ് പറഞ്ഞു. മുത്വലാഖ് നിര്‍ത്തലാക്കാനുള്ള നീക്കവുമായി മുന്നോട്ടുപോകുമെന്ന് ഇന്നലെ ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി സൂചന നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്. മുത്വലാഖുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കോടതി വിധി എല്ലാവരും മാനിക്കണം.
സ്ത്രീകളുടെ സമത്വത്തിനും തുല്യതയ്ക്കും വേണ്ടി നിലകൊള്ളുമ്പോള്‍ തന്നെ ഏതെങ്കിലും സമുദായത്തെ ഒറ്റപ്പെടുത്തുന്ന തരത്തില്‍ ധൃതിപിടിച്ച തീരുമാനങ്ങള്‍ എടുക്കരുത്.
നേരിട്ട് ബാധിക്കുന്ന ജനങ്ങളുമായുള്ള വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷവും വീക്ഷണങ്ങള്‍ വിശദീകരിച്ച ശേഷവും മാത്രമെ എല്ലാ പുരോഗമനപരമായ തീരുമാനങ്ങളും കൈക്കൊള്ളാവൂ- അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."