പൊന്നാനി കോള്‍ മേഖലയില്‍ വരള്‍ച്ചാഭീഷണി; കര്‍ഷകര്‍ കണ്ണീരില്‍
പൊന്നാനി: ഇടവത്തില്‍ മഴ പെയ്യാതായതോടെ പൊന്നാനി കോള്‍മേഖല കനത്ത വരള്‍ച്ചയിലേക്ക്. തുലാവര്‍ഷവും മഴ ലഭിക്കാത്ത സ്ഥിതിയായതിനാല്‍ കര്‍ഷകര്‍ കണ്ണീരിലാണ്. നവംബറില്‍ ആരംഭിക്കേണ്ട പുഞ്ചകൃഷിക്ക് വെള്ളമില്ലാത്ത സാഹചര്യമാണുള്ളത്. ഇടവത്തില്‍ മഴ ലഭിക്കാതെ പോയതോടെ നൂറടിത്തേട്ടില് കാര്യമായ വെള്ളം ലഭിച്ചിട്ടില്ല. ഡിസംബര്‍ അവസാനം കൊയ്തെടുക്കേണ്ട മുണ്ടകന്‍ കൃഷി വെള്ളമില്ലാത്തതിനാല്‍ തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. തുലാവര്‍ഷത്തിലും കാര്യമായ മഴ ലഭിച്ചിട്ടില്ല.
ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലൂടെയുള്ള ജലസേചന സൗകര്യങ്ങള്‍ നീണ്ടുപോകുന്നത് കോള്‍മേഖലക്ക് വലിയ തിരിച്ചടിയാണ്. ചമ്രവട്ടം പദ്ധതി വഴി ലിങ്ക് കനാലുകളിലൂടെ വെള്ളമെത്തിക്കാനായാല്‍ പൊന്നാനി കോള്‍ മേഖലയിലെ എല്ലാ കൃഷിയിടങ്ങളിലേക്കും ജലസേചന സൗകര്യമൊരുങ്ങും. ചോര്‍ച്ച കാരണം ചമ്രവട്ടം പദ്ധതി ഉപയോഗശൂന്യമായതിനാല് കര്‍ഷകര്‍ കൂടുതല്‍ ദുരിതത്തിലാണ്.
കോള്‍ മേഖലയിലെ മേല്‍ഭാഗങ്ങളില്‍ തീരെവെള്ളമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. താഴ്ഭാഗങ്ങളിലെ വെള്ളത്തിന്റെ സാന്നിധ്യം കുറഞ്ഞ് വരികയാണ്. കടുത്ത വരള്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
ഇതിന് പുറമെ മഴ കുറഞ്ഞതോടെ ഭാരതപ്പുഴ മണല്‍ക്കൂനയായി മാറി. ജലലഭ്യതയില്ലാത്തതിനാല്‍ കുടിവെള്ള വിതരണപദ്ധതികളെല്ലാം കടുത്ത പ്രതിസന്ധിയിലാണ്. മധ്യകേരളത്തില്‍ ഭാരതപ്പുഴയെ ആശ്രയിച്ചുള്ള കൃഷിയും വലിയ പ്രതിസന്ധിയാണ് -തൃശ്ശൂര്‍-മലപ്പുറം ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശ്രയമാണ് ഭാരതപ്പുഴ. മഴയിലുണ്ടായ ഗണ്യമായ കുറവ് പുഴയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പലയിടങ്ങളിലും പൂര്‍ണമായും പുഴ വരണ്ടുണങ്ങി. ശേഷിക്കുന്നിടത്ത് നീര്ച്ചാല് മാത്രമായി ഒഴുകുന്നു ഭാരതപ്പുഴ. ഒട്ടനവധി കുടിവെള്ള പദ്ധതികളാണ് ഭാരതപ്പുഴയെ ആശ്രയിച്ചു നിലനില്‍ക്കുന്നത്. വിവിധ മേഖലയിലേക്ക് വെള്ളം കൊണ്ടുപോകുന്ന പമ്പ് ഹൗസുകള്‍ക്ക് താഴെ ഗുരുതരമായി മലിനപ്പെട്ട ജലം കൊണ്ടു പോകേണ്ട ഗതികേടിലാണ് ജല അതോറിറ്റി.
മേഖലയിലെ കൃഷിയെയും വെള്ളത്തിന്റെ അഭാവം വലിയ അളവിലാണ് ബാധിക്കുന്നത്. പുഴയോരത്തുള്ള നെല്‍പ്പാടങ്ങളെല്ലാം കരിഞ്ഞുണങ്ങുകയാണ്. ചെറുതുരുത്തി കൊച്ചി പാലത്തിന് സമീപം ചെറുതടയിണ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ 2008ല്‍ വിഭാവനം ചെയ്തുവെങ്കിലും ഇന്നും അത് പാതിവഴിയില്‍ തന്നെ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."