സിവില്‍സ്റ്റേഷന്‍ പരിസരത്തെ മദ്യഷോപ്പിന് അനുമതി കോര്‍പറേഷന്‍ കൗണ്‍സില്‍ തള്ളി
കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ പരിസരത്ത് കോര്‍പറേഷന്റെ അനുമതിയില്ലാതെ ആരംഭിച്ച കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റിന്റെ ലൈസന്‍സിനുള്ള അപേക്ഷ കോര്‍പറേഷന്‍ കൗണ്‍സില്‍ തള്ളി. ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ.വി ബാബുരാജാണ് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. 101-ാമത്തെ അജന്‍ഡയായി വന്ന വിഷയത്തില്‍ ജനവികാരത്തോടൊപ്പം കൗണ്‍സില്‍ നില്‍ക്കുകയായിരുന്നു. ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം കെട്ടിട ഉടമയുടെ സമ്മതപത്രവും നികുതി രശീതും എക്‌സൈസ് വകുപ്പിന്റെ അനുവാദപത്രവും ഹാജരാക്കിയെങ്കിലും മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്നും ലൈസന്‍സ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട മദ്യവിരുദ്ധസമിതിയുടെ അപേക്ഷകൂടി കണക്കിലെടുത്താണ് തീരുമാനം. തീരുമാനം രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ വൈകിയാല്‍ അതു കോര്‍പറേഷന്‍ തീരുമാനത്തിന് തിരിച്ചടിയാകുമെന്ന് കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നെങ്കിലും അതുണ്ടാകില്ലെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കി.
കോര്‍പറേഷനില്‍ നികുതിനിരക്ക് ഏകീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കോര്‍പറേഷനോട് കൂട്ടിച്ചേര്‍ത്ത പുതിയ ഡിവിഷനുകളില്‍ നികുതി നിരക്ക് കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് നഗരകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍ പറഞ്ഞു. തുടര്‍ന്ന് നിരക്ക് ഏകീകരണം കൗണ്‍സില്‍ അംഗീകരിച്ചു. സ്‌ക്വയര്‍ മീറ്ററിന് 14 രൂപയാണ് പുതിയ നിരക്ക്. വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടം നൂറുമീറ്റര്‍ സ്‌ക്വയര്‍ വരെ 90 രൂപയും ഇതിന് മുകളില്‍ 105 രൂപയും 20 മീറ്റര്‍ സ്‌ക്വയറിന് മുകളിലുള്ള സുപ്പര്‍ മാര്‍ക്കറ്റ് മാളുകള്‍ എന്നിവക്ക് 150 രൂപയും ബാങ്കുകള്‍, പെട്ടിക്കടകള്‍ എന്നിവക്ക് 90 രൂപയും ഓഫിസ് ഉപയോഗത്തിന് 75 രൂപയും വിദ്യാഭ്യാസ ആവശ്യത്തിനുള്ളവയ്ക്ക് 16 രൂപയും ആശുപത്രികള്‍ക്ക് 20 രൂപയും അസംബ്ലി, കൗണ്‍സിലിങ് സെന്റര്‍, ഓഡിറ്റോറിയം എന്നിവയ്ക്ക് 60 രൂപയും വ്യവസായ ആവശ്യത്തിന് 40 രൂപയും റിസോര്‍ട്ടുകള്‍ക്ക് 90 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് 60 രൂപയും മൊബൈല്‍ ടവറുകള്‍ക്ക് 500 രൂപയും ഇതര ആവശ്യങ്ങള്‍ക്ക് 90 രൂപയുമാണ് നിരക്ക്.
കോര്‍പറേഷന്‍ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പ്രതികാര നടപടിയാണ് നിരക്കുകള്‍ ഏകീകരിച്ചതെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് അഡ്വ. പി.എം സുരേഷ്ബാബു പറഞ്ഞു. പഞ്ചായത്തുകള്‍ നഗരസഭകള്‍ ആക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനം ലംഘിച്ചാണ് തീരുമാനമെന്ന് മുസ്‌ലിം ലീഗിലെ എം. കുഞ്ഞാമുട്ടി ചൂണ്ടിക്കാട്ടി. ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ നഗരസഭയുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി. ബസുകളുടെ അമിതവേഗവും ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങള്‍ക്ക് കാരണമാകുന്ന സ്ഥിതിയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വിലയിരുത്തി. നഗരസഭ മുന്‍കൈയെടുത്ത് വിഷയത്തില്‍ ആര്‍.ടി.ഒ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ബസുകളുടെ മത്സരയോട്ടം നിയന്ത്രക്കാന്‍ പൊലിസും മോട്ടോര്‍ വാഹനവകുപ്പും പരാജയപ്പെടുകയാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."