'നിയമസേവനം എല്ലാവര്‍ക്കും' കാംപയിനു തുടക്കം
കാസര്‍കോട്: എല്ലാവര്‍ക്കും നിയമസേവനം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ നാഷണല്‍ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന കാംപയിനു തുടക്കമായി. പരിപാടിയുടെ ആദ്യഘട്ടമായി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, എന്‍.എസ്.എസ് വളണ്ടിയര്‍, ഡി.എല്‍.എസ്.എ പാരാലീഗല്‍ വളണ്ടിയര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഫിലിപ്പ് തോമസ് അധ്യക്ഷനായി. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തില്‍ ഡി.എല്‍.എസ്.എ സെക്ഷന്‍ ഓഫീസര്‍ ദിനേഷ് കൊടങ്കെ, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, അഡ്വ. കെ.എം ബീന സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ എ.ഡി.എസ് അംഗങ്ങള്‍ക്കും എ.ഡി.എസ് അംഗങ്ങള്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വീടുകളിലെത്തിയും നിയമസഹായ അതോറിറ്റിയുടെ സേവനങ്ങള്‍ സംബന്ധിച്ചു ബോധവല്‍ക്കരണം നല്‍കും.
എന്‍.എസ്.എസ് അംഗങ്ങള്‍ കോളജ് തലത്തിലും ഡി.എല്‍.എസ്.എ പാരലീഗല്‍ വളണ്ടിയര്‍മാര്‍ വീടുകളിലും നിയമസേവനം ഉറപ്പാക്കും. പൊതുജനങ്ങള്‍ക്ക് നിയമത്തെപ്പറ്റിയുള്ള ബോധമുണ്ടാക്കലും നാഷണല്‍ ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
കോടതികളില്‍ നിലവിലുളള കേസുകള്‍ മീഡിയേറ്റര്‍മാരുടെ സഹായത്തോടെ ഒത്തുതീര്‍പ്പാക്കുന്നതടക്കമുളള നിയമസേവനങ്ങള്‍ ഡി.എല്‍.എസ്.എ വഴി ലഭിക്കും. സംസ്ഥാന നിയമസേവന അതോറിറ്റിയുടെ 9846700100 എന്ന നമ്പറില്‍ 24മണിക്കൂറും നിയമസേവനം ലഭ്യമായിരിക്കും. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ 04994 256189 എന്ന നമ്പറിലും ബന്ധപ്പെടാം. കോഴിക്കോട് ലോക് അദാലത്തിന് 04952 367400 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."