ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫി; ചൈനയെ ഒന്‍പതു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ
കൗന്റന്: ചൈനയെ മറുപടിയില്ലാത്ത ഒന്‍പതു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഏഷ്യന്‍ ഹോക്കി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഉറപ്പാക്കി. അക്ഷദീപ് സിങ്, യൂസുഫ് അഫന്, ജസ്ജിത് സിങ് കുമാര്‍ എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ നായകന് രൂപിന്ദര്‍ പാല് സിങ്, നിഖിന്‍ തിമ്മയ്യ, ലളിത് ഉപാധ്യായ് എന്നിവര്‍ ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. നേരത്തെ ആദ്യ മത്സരത്തില്‍ ഇന്ത്യ ജപ്പാനെ പത്തു ഗോളുകള്‍ക്കും തകര്‍ത്തിരുന്നു. ജയത്തോടെ പത്തു പോയിന്റുമായി ഇന്ത്യ പട്ടികയില്‍ തലപ്പത്തെത്തി. ഇന്നു നടക്കുന്ന പോരാട്ടത്തില്‍ ഇന്ത്യ മലേഷ്യയുമായി ഏറ്റുമുട്ടും.
പരുക്കേറ്റതിനെ തുടര്‍ന്നു മലയാളി ഗോള്‍കീപ്പറും നായകനുമായ പി.ആര് ശ്രീജേഷില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കളി തുടങ്ങി ഒന്‍പതാം മിനുട്ടിലാണ് ഇന്ത്യ ഗോളടിക്ക് തുടക്കമിട്ടത്.
18ാം മിനുട്ടില്‍ അക്ഷദീപ് രണ്ടാം ഗോള്‍ നേടി. 22ാം മിനുട്ടില്‍ മൂന്നാം ഗോള്‍ ജസ്ജിതിന്റെ വകയായിരുന്നു. ആദ്യ പകുതി അവസാനിക്കാന്‍ മൂന്നു മിനുട്ടുകള്‍ ശേഷിക്കേ പെനാല്‍റ്റി കോര്‍ണര്‍ വലയിലെത്തിച്ച് രൂപിന്ദര്‍ നാലാം ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ താരം പെനാല്‍റ്റിയിലൂടെ നേടുന്ന എട്ടാം ഗോളായിരുന്നു ഇത്. ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ സ്കോററും താരം തന്നെ.
34ാം മിനുട്ടില്‍ തിമ്മയ്യ അഞ്ചാം ഗോളും 37ാം മിനുട്ടില്‍ അഫന് ആറാം ഗോളും നേടി. 39ാം മിനുട്ടില്‍ തന്റെ രണ്ടാം ഗോളിലൂടെ അക്ഷദീപ് ഏഴാം ഗോളും എട്ടാം ഗോളിലൂടെ അഫന് തന്റെ ഗോള്‍ പട്ടിക രണ്ടാക്കിയും ഉയര്‍ത്തി. 51ാം മിനുട്ടില്‍ ജസ്ജിത് ഇന്ത്യയുടെ ഒന്‍പതാം ഗോളും നേടി വെടിക്കെട്ടിനു അവസാനം കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."