ആയുര്‍വേദ - ഹോമിയോ മരുന്നുകള്‍ സര്‍വത്ര; പരിശോധിക്കാന്‍ സംവിധാനമില്ല
കൊച്ചി:വ്യാജ ഡോക്ടര്‍മാര്‍ക്കൊപ്പം വ്യാജ ഹോമിയോ-ആയുര്‍വേദ മരുന്നുകളും വ്യാപകമാകുന്നു. പ്രത്യേക പരിശോധനാ കേന്ദ്രങ്ങളില്ലാത്തതാണ് വ്യാജമരുന്നുകളുടെ വ്യാപനത്തിന് പ്രധാന കാരണം. ആയുര്‍വേദ-ഹോമിയോ,യൂനാനി വിഭാഗത്തിലെ മരുന്നുകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്ല. കോടികള്‍ കേന്ദ്രവിഹിതം ലഭിക്കുന്ന ആയുഷ് പദ്ധതിയില്‍പ്പെടുത്തി പ്രത്യേക കാര്യാലയം രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന വിഭാഗത്തിനാണ് പരിശോധനാ കേന്ദ്രമില്ലാത്തത്.
സംസ്ഥാനത്ത് 1300 ഓളം സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 119 ആശുപത്രികളും 768 ഡിസ്‌പെന്‍സറികളുമുണ്ട്. ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത് ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ കീഴിലുളള ആയുഷിന്റെ ഭാഗമായാണ്.
മരുന്നുകളില്‍ ആള്‍ക്കഹോളിക്ക് സാന്നിധ്യം അധികമാകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ആലോപ്പതിയുടെ പാര്‍ശ്വഫലങ്ങളില്‍ നിന്നും മോചനമെന്നോണം സുതാര്യ മെഡിസിനുകളായി ഇവ ഇടം നേടിയിട്ടുള്ളത്. ഈ വിശ്വാസത്തെയാണ് നിര്‍മാതാക്കള്‍ ചൂഷണം ചെയ്യുന്നത്. അതേസമയം പാര്‍ശ്വഫലങ്ങളില്ലാത്ത മരുന്നുകള്‍ എത്ര ഉപയോഗിച്ചാലും ചെറിയ മയക്കമോ ബോധക്ഷയമോ മാത്രമാണ് സംഭവിക്കുക.
മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെ ഇപ്പോള്‍ ഈ സുതാര്യ മെഡിസിനെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. ആയുര്‍വേദത്തിലാണ് വ്യാജനിലധികവും പെരുകുന്നത്. നിര്‍മാതാക്കളുടെ ഗ്യാരണ്ടിയില്‍ വിശ്വസിച്ചാണ് ആയുര്‍വേദ മരുന്നുകള്‍ വിറ്റഴിക്കപ്പെടുന്നത്.
വില കൂടിയ മരുന്നുകളായതിനാല്‍ ലാഭവിഹിതം വര്‍ധിക്കുന്നതും വ്യാജന്‍മാര്‍ പെരുകാന്‍ കാരണമാകുന്നുണ്ട്.
പാരമ്പര്യ ചികിത്സയുടെ മറവില്‍ മരുന്നു നിര്‍മാണം തുടരുന്ന വിവരം പുറത്തുവന്നിട്ടും നടപടി സ്വീകരിക്കാതെ കണ്ണടക്കുകയാണ് അധികൃതര്‍. എന്നാല്‍ നിര്‍മാതാവ് അംഗീകൃത യോഗ്യതയുള്ള ആളായിരിക്കണമെന്ന നിയമം നിലനില്‍ക്കെ പാരമ്പര്യത്തിന്റെ പേരില്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന പതിവ് ശൈലിയാണുളളത്. ഇത് കനത്ത നിയമ ലംഘനമാണ്.
ഹോമിയോ ഡോക്ടര്‍മാരുടെ വ്യക്തമായ ചിത്രവും സര്‍ക്കാരിന്റെ പക്കലില്ല. ഔദ്യോഗിക രജിസ്റ്ററില്‍ എത്ര ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിവില്ല.
ഇതും വ്യാജന്‍മാര്‍ പെരുകാന്‍ കാരണമായിട്ടുണ്ട്. പലപ്പോഴും പിടിക്കപ്പെടുന്നവര്‍ കോടതികളിലെത്തി കേസ് ജയിച്ച് വീണ്ടും പ്രാക്ടീസ് തുടരുന്നതായാണ് വിവരം. ഒരിക്കല്‍ പിടക്കപ്പെട്ടാലും കോടതിയില്‍നിന്നും അനുകൂല വിധി സമ്പാദിക്കുന്നവരെ പിന്നീട് പൊലിസിനുപോലും പിടിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."