ജനിതകമാറ്റം വരുത്തിയ കടുക് കൃഷി കേരളം ആശങ്ക അറിയിച്ചു
തിരുവനന്തപുരം: ജനിതകമാറ്റം വരുത്തിയ കടുക് കൃഷിക്ക് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സംസ്ഥാനം ആശങ്ക അറിയിച്ചു. ജനിതകമാറ്റം വരുത്തിയ വിളകളുടെ ഗവേഷണവും കൃഷിയിട പരിശോധനകളും സംബന്ധിച്ച് കഴിഞ്ഞ 21ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളത്തിന്റെ പ്രതിനിധി സംഘമാണ് ആശങ്കകള്‍ അറിയിച്ചത്.
ജനിതകവിളകളുടെ അനുമതിക്കെതിരേ പ്രചാരണം ശക്തമാക്കുന്നതിനും ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളുടെ വിപുലമായ യോഗം വിളിച്ചുകൂട്ടുമെന്നും, എല്ലാ സംസ്ഥാനങ്ങള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് കത്തയയ്ക്കുമെന്നും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുമതി നല്‍കുന്നതിലുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദാവെ, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ് എന്നിവരെ കത്തിലൂടെ കൃഷിമന്ത്രി അറിയിച്ചിരുന്നു.
ജി.എം. വിത്തുകളുടെ കൃഷിയിട പരിശോധനകള്‍ നടത്താന്‍ സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം കെണിയാണെന്നും ഉത്തരവാദിത്വമുള്ള ഗവേഷണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കേണ്ടതെന്നും ജനറ്റിക് എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റിയുടെ വിവിധ കമ്മിറ്റികളില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉത്പാദകര്‍ മുതല്‍ അന്താരാഷ്ട്ര കുത്തക കമ്പനികള്‍ വരെ കടന്നു കൂടുന്നത് ആശങ്കാ ജനകമാണെന്നും പ്രതിനിധി സംഘം അറിയിച്ചു.
സംസ്ഥാനങ്ങളില്‍ ബയോ സേഫ്റ്റി വിഷയങ്ങള്‍ നിയന്ത്രിക്കാന്‍ സ്റ്റേറ്റ് ബയോടെക്‌നോളജി കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഉടന്‍ രൂപീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു. ജനറ്റിക് എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. അമിതപ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ.ബിജു പ്രഭാകര്‍, അസി. ഡയറക്ടര്‍ ബി. ഹരികുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞ ഡോ. ഇന്ദിരാ ദേവി പങ്കെടുത്തു. ഈ വിഷയം സംബന്ധിച്ച് കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിന് കാര്‍ഷികോല്‍പാദന കമ്മിഷണര്‍ ഡോ. രാജു നാരായണസ്വാമിക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."