ഉദ്യോഗാര്‍ഥികള്‍ക്ക് വിനയായി കെ -ടെറ്റും പി.എസ്.സി പരീക്ഷയും ഒരു ദിവസം
ചെറുവത്തൂര്‍: അധ്യാപക യോഗ്യതാ പരീക്ഷയും പി.എസ്.സി പരീക്ഷയും ഒരേദിവസം നടക്കുന്നത് നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നഷ്ടമാക്കാനിടയാകും. വനം വകുപ്പിലേക്കുള്ള റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പരീക്ഷയാണ് നവംബര്‍ അഞ്ചിന് കെ-ടെറ്റ് പരീക്ഷാദിവസം നടക്കുന്നത്. എല്‍.പി, യു.പി വിഭാഗം അധ്യാപകയോഗ്യതാ പരീക്ഷകള്‍ രാവിലെയും ഉച്ചയ്ക്കുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പി.എസ്.സി പരീക്ഷാസമയം. കാറ്റഗറി രണ്ട് യു.പി വിഭാഗം പരീക്ഷ നടക്കുന്നത് ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ നാലുമണി വരെയാണ്. എങ്ങനെയായാലും ഒരു പരീക്ഷ നഷ്ടമാകുമെന്ന് ഉറപ്പാണ്. രണ്ടു പരീക്ഷകള്‍ക്കും അപേക്ഷിച്ച നിരവധിപേരുണ്ട്.
പരീക്ഷാഭവനാണ് കെ ടെറ്റ് പരീക്ഷാ നടത്തിപ്പ് ചുമതല. ഈ പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റുകളും ലഭിച്ചുതുടങ്ങി. മാസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ഉദ്യോഗാര്‍ഥികള്‍ ഇരു പരീക്ഷകള്‍ക്കുമായി തയാറായിരിക്കുന്നത്. അവസരം നഷ്ടമാക്കാതെ ബന്ധപ്പെട്ടവര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.
കെ-ടെറ്റ് ദിനത്തിലെ അധ്യാപക
പരിശീലനവും ആശങ്കയില്‍
ചെറുവത്തൂര്‍: കെ-ടെറ്റ് പരീക്ഷയും ഒരു വിഭാഗം അധ്യാപകരുടെ ബഹിഷ്‌കരണവും കൂടിയാകുമ്പോള്‍ നവംബര്‍ അഞ്ചിലെ അധ്യാപക പരിശീലനം പ്രഹസനമായേക്കുമെന്ന് ആശങ്ക.
എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപക നിയമനത്തിനു കെ-ടെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍, എയ്ഡഡ് മേഖലയില്‍ അധ്യാപകരായി ജോലി ചെയ്തുവരുന്ന നിരവധിപേര്‍ ഇത്തവണ ഈ പരീക്ഷ എഴുതുന്നുണ്ട്. 2011 -12 അധ്യയനവര്‍ഷം മുതല്‍ സര്‍വിസില്‍ പ്രവേശിച്ച എയ്ഡഡ് അധ്യാപകര്‍ക്ക് 2018 വരെ മാത്രമേ ടെറ്റ് യോഗ്യത നേടാന്‍ സമയം അനുവദിച്ചിട്ടുള്ളൂ.
ഈ സാഹചര്യത്തില്‍ ഓരോ ജില്ലയിലും നൂറുകണക്കിന് അധ്യാപകര്‍ ഈ പരീക്ഷയ്ക്കായി തയാറെടുത്തിട്ടുണ്ട്. അതിനാല്‍ അധ്യാപക പരിശീലനത്തേക്കാള്‍ ഈ പരീക്ഷയ്ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. ആറാം പ്രവൃത്തി ദിവസം ക്ലസ്റ്റര്‍ നടത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു പരിശീലനം ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് അനുകൂല അധ്യാപക സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ പരിശീലനം നിശ്ചയിച്ച ദിവസം തന്നെ നടത്താനുള്ള തീരുമാനവുമായാണ് ബന്ധപ്പെട്ടവര്‍ മുന്നോട്ട് പോകുന്നത്. പരിശീലകര്‍ക്കായുള്ള ജില്ലാതല പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു. മുഴുവന്‍ അധ്യാപകര്‍ക്കും പങ്കെടുക്കാന്‍ അവസരമില്ലാതെ എങ്ങനെ പരിശീലനം കാര്യക്ഷമമാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."