വ്യക്തിനിയമവും നീതിപീഠത്തിന്റെ മനോഗതിയും
ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ത്വാഹിര്‍ മഹ്മൂദ് പറഞ്ഞ ഒരു തമാശയുണ്ട് 'എന്റെ സുഹൃത്തായ ഒരു മൂന്നാംകിട വക്കീല്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: ജഡ്ജിമാരെ കേസിലെ വിഷയങ്ങള്‍ ബോധ്യപ്പെടുത്താന്‍ നേരത്തെ എടുത്തിരുന്ന സമയത്തിന്റെ ഇരട്ടിയിലധികം ഇന്ന് ആവശ്യമാണ്. അത് കൊണ്ട് ഞങ്ങള്‍ക്ക് ഫീസ് അധികം ലഭിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒരു ജഡ്ജിയായി തീര്‍ന്നു. അനുമോദനവേളയില്‍ ഞാന്‍ അദ്ദേഹത്തോട് ഉണര്‍ത്തി. ഇനി വക്കീല്‍മാര്‍ക്ക് ഫീസ് മൂന്നിരട്ടിയിലധികമാകും. നിങ്ങളാണല്ലോ വിധി കര്‍ത്താവ്. 'നിയമപരമായി കോടതിയെ ത്വലാഖിന് മുസ്്‌ലിം ദമ്പതിമാര്‍ സമീപിക്കുമ്പോള്‍ ത്വലാഖ് തന്നെ സംഭവിക്കാന്‍ മൂന്ന് ത്വലാഖും ഒന്നിച്ച് (മുത്വലാഖ്) നടത്തണമെന്ന നിര്‍ബന്ധം പിടിക്കുന്നതായി കാണാം. ഇന്ത്യന്‍ മുസ്്‌ലിംകള്‍ക്ക് ശരീഅത്ത് നിയമപ്രകാരം വിവാഹവും വിവാഹമോചനവും നടത്താന്‍ അവകാശവും സംരക്ഷണവും ഉണ്ട്. മുസ്്‌ലിം വ്യക്തി നിയമത്തില്‍ കര്‍മശാസ്ത്ര ക്രോഡീകരണത്തിലെ മദ്ഹബുകളുടെ വീക്ഷണത്തിലും ഒരു ത്വലാഖ് പറഞ്ഞാല്‍ തന്നെ ദമ്പതിമാര്‍ വിവാഹമോചിതരകും.
വിവാഹമോചിതയായ മുസ്്‌ലിം സ്ത്രീക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കും പുനര്‍വിവാഹത്തിനും അവകാശവുമുണ്ട്. മതവിധിയും ഇന്ത്യന്‍ സിവില്‍കോഡും ഇത് ഉറപ്പുവരുത്തുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ വിവാഹമോചിതയായ മുസ്്‌ലിം സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്ന് അവകാശപ്പെട്ടത് ലഭ്യമാക്കണമെങ്കില്‍ മുത്വലാഖ് നടന്നിരിക്കണം എന്നും അല്ലാത്തവ സമ്പൂര്‍ണ വിവാഹമോചനമായി ഗണിക്കപ്പെടില്ലെന്നുമാണ് സുപ്രീംകോടതി അടക്കമുള്ള ചില കോടതികളുടെ നിലപാട്. ഈ ശാഠ്യം കാരണമായി ഒന്നാംഘട്ട ത്വലാഖ് മാത്രം നടത്താന്‍ തയാറാകുന്ന ദമ്പതിമാരില്‍ വനിതകള്‍ തന്നെ കോടതിയെ സമീപിക്കുമ്പോള്‍ മുത്വലാഖ് ആവശ്യപ്പടുകയാണ്.
ത്വലാഖിന്റെ ഗൗരവത്തെകുറിച്ച് ആവശ്യമായ അവബോധമില്ലാത്തവരെ മതപണ്ഡിതന്മാര്‍ഉപദേശിക്കുമ്പോള്‍ അതുള്‍കൊള്ളാന്‍ തയ്യാറായി ഒരു ത്വലാഖ് മാത്രം നടത്തി പുനരാലോചന വന്നാല്‍ വീണ്ടും അവരെ വിവാഹം ചെയ്യാനുള്ള അവസരം ബാക്കി വച്ച് മതത്തിന്റെ അനുശാസനം സ്വീകരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ കോടതിയ സമീപിക്കുമ്പോള്‍ വിവാഹമുക്തയായ മുസ്്‌ലിം വനിതകള്‍ക്കുള്ള അവകാശങ്ങള്‍ ഒന്നാം ത്വലാഖില്‍ ലഭ്യമല്ലെന്ന 'അജ്ഞത' കേട്ട് ആനുകൂല്യ ലബ്ധിയെ കാംക്ഷിക്കുന്ന വനിതകള്‍ തന്നെയാണ് മുത്വലാഖിനെ ആവശ്യപ്പെടുന്നത്. മുത്വലാഖ് വേണ്ടെന്ന് പുരുഷന്‍ തീരുമാനിച്ചാലും അത് വേണമെന്ന് കോടതിയും കോടതിയെ സമീപിക്കുന്ന വക്കീലും ശാഠ്യത്തില്‍ പെട്ട് പോകുന്ന വനിതകളുമാണ് മുത്വലാഖിനെ ലഘൂകരിക്കുന്നത്. എന്നാല്‍ മുത്വലാഖ് നിരോധിച്ചാല്‍ പരിഹാരമാവും എന്ന ധാരണ തെറ്റാണ്.
അപൂര്‍വമായി നടക്കേണ്ട ത്വലാഖും അത്യപൂര്‍വമായി നടക്കാവുന്ന മുത്വലാഖും ഇസ്്‌ലാം അനുവദിച്ചത് കുടുംബസംവിധാനത്തിന്റെ ഭദ്രതയ്ക്ക് തന്നെ. അത് ഇരുവിഭാഗത്തിനും പ്രത്യേകിച്ച് സ്ത്രീഭാഗത്തിന് ഗുണകരമായി തീരുന്ന ഘട്ടങ്ങളുണ്ടാവും അപ്പോള്‍ മാത്രം നിര്‍വഹിക്കേണ്ട മുത്വലാഖ് മുസ്്‌ലിം വ്യക്തി നിയമത്തില്‍ നിലനില്‍ക്കേണ്ടതായി വരും. വിവാഹവും മോചനവും പിന്നെ വിവാഹവും ലാഘവത്തോടെ കാണുന്ന പുരുഷന്മാര്‍ക്ക് ഒരു ശിക്ഷ എന്ന നിലക്ക് മുത്വലാഖ് ചിലപ്പോഴെങ്കിലും അനിവാര്യമായി തീരും.
അതിന് ഒരു ഓപ്ഷനായി അത് നിലനില്‍ക്കണം. അത് കാടത്തമാണെന്ന് മുദ്രകുത്തി നിരോധിച്ചുകൂടാ. ഇന്ത്യന്‍ ക്രിമിനല്‍ കോഡിലെ വധശിക്ഷ അപരിഷ്‌കൃതവും കാടത്തവുമാണെന്നും അത് നിരോധിക്കണമെന്നും ഒരു നാള്‍ ചിലര്‍ മുറവിളി കൂട്ടി. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് ഹൈക്കോടതി വധസിക്ഷ വിധിച്ചപ്പോള്‍ അതിനെ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ വധശിക്ഷ റദ്ദ് ചെയ്ത് ജീവപര്യന്തമാക്കി ചുരുക്കിയപ്പോള്‍ അത് മുന്‍ സുപ്രീംകോടതി ജഢ്ജി ജ. കട്ജു പോലും വിമര്‍ശിക്കുകയും വധശിക്ഷ തന്നെ വേണമെന്ന് ശഠിക്കുകയും ചെയ്തു. കാടന്‍ നിയമമെന്ന് പറഞ്ഞ വധശിക്ഷയാണ് ഗോവിന്ദച്ചാമിക്ക് വേണമെന്ന് നാം ആഗ്രഹിക്കുന്നത്. അപൂര്‍വമായ ഇത്തരം കേസില്‍ വിധിക്കാന്‍ വധശിക്ഷയെന്ന ഒപ്ഷന്‍ ക്രിമിനല്‍കോഡില്‍ ഉള്ളതുകൊണ്ടാണ് സാധിക്കുന്നത്. വധശിക്ഷയെ എല്ലാ കൊലപാതകിക്കും വിധിക്കാന്‍ കോടതികള്‍ തയ്യാറായാലാണ് കുഴയുന്നത്. അത്യപൂര്‍വമായി നടക്കേണ്ട മുത്വലാഖ് എല്ലാ ത്വലാഖിനും ബാധകമാക്കിയാല്‍ കുഴയുന്നതിന് നിയമമോ മതവിധിയോ അല്ല. മാറേണ്ടത് കോടതികളുടെ മനോഗതിയാണ്.
മുമ്പ് 1986 ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് മുസ്്‌ലിം നിയമം (വിവാഹമോചനാവകാശ സംരക്ഷണം) പാര്‍ലമെന്റില്‍ പാസാക്കിയപ്പോള്‍ ചില ശരീഅത്ത് വിരോധികള്‍ നടത്തിയ പ്രചാരണം മറക്കാറായിട്ടില്ല. അന്ന് കേന്ദ്രമന്ത്രിമാരായ ഇസഡ്.ആര്‍. അന്‍സാരിയും ഖുര്‍ഷിദ് ആലംഖാനും മുന്നിട്ടിറങ്ങി. ബനാത്ത് വാലയുടെ പിന്‍ബലത്തോടെ അലിമിയാനും ശംസുല്‍ഉലമായുമൊക്കെയായി ചര്‍ച്ച നടത്തി അവതരിപ്പിച്ചു ഗവണ്‍മെന്റ് പാസ്സാക്കിയ ബില്ലാണത്. അതിനെപ്പോലും വിമര്‍ശിച്ചവര്‍ പറഞ്ഞ ന്യായം പലതാണ്. മുസ്്‌ലിം സ്ത്രീകള്‍ക്ക് വേണ്ടിയാണ് അവര്‍ പറഞ്ഞ് നോക്കിയത്. കോമണ്‍ നിയമമായ സി.ആര്‍.പി.സിയുടെ ചെലവിനു ലഭിക്കാനുള്ള അവകാശത്തില്‍ നിന്ന് മുസ്്‌ലിം സ്ത്രീയെ മുസ്്‌ലിം പണ്ഡിതന്മാരും സര്‍ക്കാരും തിരികെ കൊണ്ടുവന്നു, അവരെ അലഞ്ഞുതിരിയാനിടവരുത്തിയെന്നും അവര്‍ പ്രചരിപ്പിച്ചു. മാതൃരാജ്യത്തിന്റെ നിയമത്തില്‍ നിന്ന് മുസ്്‌ലിംകളെ വേറിട്ട് നിര്‍ത്തി വിഭാഗീയതയ്ക്ക് അവസരം സൃഷ്ടിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം.
ഈ വാദത്തെ മുസ്്‌ലിംകളും അന്നത്തെ സര്‍ക്കാര്‍പക്ഷവും യുക്തിസഹമായി ഖണ്ഡിച്ചു.വിവാഹമോചിതയ്ക്ക് സി.ആര്‍.പി.സി നല്‍കുന്നത് താല്‍കാലിക ആശ്വാസം മാത്രമാണ്. സിവില്‍കോടതിക്ക് വേണമെങ്കില്‍ ഇതും റദ്ദ് ചെയ്യാം. എന്നാല്‍ 1986ലെ മുസ്്‌ലിം സ്ത്രീ സംരക്ഷണ നിയമപ്രകാരം മുസ്്‌ലിം സ്ത്രീക്ക് കിട്ടുന്ന ഇസ്്‌ലാമിക നിയമപ്രകാരമുള്ള അവകാശത്തെ റദ്ദ് ചെയ്യുന്ന സങ്കീര്‍ണത ഉദിക്കുന്നില്ല. സി.ആര്‍.പി.സി വകുപ്പ് പ്രകാരം ജീവനാംശത്തിനുമാത്രമേ അവകാശമുള്ളു. മുസ്്‌ലിം വനിത സംരക്ഷണ നിയമപ്രകാരം മഹറും വിവാഹസമ്മാനവും ഉള്‍പ്പെടെ സുരക്ഷിതമായ തുക ലഭ്യമാണ്. സി.ആര്‍.പി.സിക്കു കീഴില്‍ വിവാഹമോചിതയ്ക്ക് ഒരു മാസം 500 രൂപയോളമാണ് മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുക. മുസ്്‌ലിം സംരക്ഷണ നിയമപ്രകാരം ഒറ്റയടിക്ക് തന്നെ അഞ്ച് ലക്ഷമോ അതിലധികമോ ലഭിക്കും. കോടതിക്ക് അത് തീരുമാനിക്കാം. ഫലത്തില്‍ ഏതാണ് സ്ത്രീക്ക് ഗുണമെന്ന് ആര്‍ക്കാണറിയാത്തത്.
അതുപോലെ സി.ആര്‍.പി.സി എന്ന കോമണ്‍ നിയമത്തിന് പുറമെ ഹിന്ദുസ്ത്രീകള്‍ക്ക് മാത്രമായി ഹിന്ദുവിവാഹനിയമം 1995 മുതലുണ്ട്. അതിന്റെ ആനുകൂല്യങ്ങള്‍ അവര്‍ അനുഭവിക്കുന്നുമുണ്ട്. അതാരും ദേശീയ വീരുദ്ധമായോ വിഭാഗീയതയായോ കാണുന്നില്ല. പ്രചാരണം അന്നും കൊഴുപ്പിച്ച് വിട്ടിരുന്നു ചിലര്‍.
1986 ലെ മുസ്്‌ലിം സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടെ മുസ്്‌ലിം വിവാഹമോചിതയുടെ ആനുകൂല്യം വര്‍ധിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാവുകയുമായിരുന്നു. ജീവനാംശത്തേക്കാള്‍ ഒട്ടേറെ വര്‍ധനവും ഒന്നിച്ച് ലഭിക്കുന്ന വന്‍തുകയും അവരുടെ രക്ഷയ്‌ക്കെത്തി. എന്നാല്‍ ഇത് അവര്‍ക്ക് ലഭിക്കാന്‍ മുത്വലാഖ് തന്നെ വേണമെന്ന ചില കോടതികളുടെ ശാഠ്യമാണ് ദുരിതമുണ്ടാക്കിയത്. സി.ആര്‍.പി.സിയേക്കാള്‍ മുസ്്‌ലിം സ്ത്രീസംരക്ഷണ നിയമം നല്‍കുന്ന പരിരക്ഷ പൊളിക്കാനും രാജീവ്ഗാന്ധി സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്താനുമാണ് മുത്വലാഖ് ശാഠ്യം.
ത്വലാഖും മുത്വലാഖും കടുംകൈ തന്നെയാണ്. അതിനെ പ്രേരിപ്പിക്കുന്ന ഒരു കണിക പോലും ഖുര്‍ആനിലോ സുന്നത്തിലോ ഇല്ല. ഇസ്്‌ലാം മുസ്്‌ലിംകള്‍ക്ക് മതനിയമാക്കിയ മുത്വലാഖിനെ നിരോധിക്കുകയല്ല വേണ്ടത്. വിവാഹിതര്‍ക്കും മോചിതര്‍ക്കും സുരക്ഷിതത്വമുണ്ടാവാനും നിയമങ്ങളുണ്ടാക്കാം. അകാരണമായും ക്രൂരമായും വിവാഹമോചനം നടത്തുന്നവര്‍ക്കെതിരേ അത്തരം നിയമങ്ങളുണ്ടാക്കാം. മതവീക്ഷണങ്ങളെ ഹനിക്കാത്ത വിധത്തില്‍ ക്രിമിനല്‍ നിയമങ്ങള്‍ കൊണ്ടുവരുന്നതിനോട് ആര്‍ക്കാണ് വിരോധം? ശരീഅത്തിനെ അടര്‍ത്തിയെടുത്ത് ഘട്ടംഘട്ടമായി ഇല്ലാതാക്കി ഏകസിവില്‍കോഡിന്റെ പേരില്‍ ഹിന്ദുത്വത്തെ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രം തിരിച്ചറിയാതെ പോകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."