വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
മാനന്തവാടി: ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൊലിസിനെ കുഴക്കി വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചു. മാനന്തവാടി തവിഞ്ഞാല്‍ പഞ്ചായത്തിലെ കമ്പമലയിലാണ് മാവോയിസ്റ്റുകളെത്തിയത്. ശ്രീലങ്കന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരിക്കുന്ന കമ്പമലയിലെ കെ.എഫ്.ഡി.സിയുടെ തേയിലത്തോട്ടത്തിലെത്തിയ ആയുധധാരികളായ എട്ടംഗ മാവോയിസ്റ്റ് സംഘം തൊഴിലാളികളോട് വോട്ട് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘത്തില്‍ രണ്ടു വനിതകളുമുണ്ടായിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. വോട്ട് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന കാട്ടുതീ എന്ന ലഘുലേഖയും സംഘം വിതരണം ചെയ്തിട്ടുണ്ട്. രാത്രി ഒരുമണി വരെ സംഘം തോട്ടത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടികളില്‍ കയറി കാട്ടുതീ വിതരണം നടത്തി. നിങ്ങള്‍ക്ക് ഒന്നും ചെയ്തു തരാത്ത മന്ത്രിമാര്‍ക്ക് കാറില്‍ കറങ്ങി നടക്കാനാണോ വോട്ടു ചെയ്യുന്നതെന്ന് സംഘം ചോദിച്ചതായി തൊഴിലാളികള്‍ പറയുന്നു. മലയാളത്തിലും കന്നഡയിലുമാണ് ഇവര്‍ സംസാരിച്ചത്.
എന്നാല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമായിട്ടും തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും പൊലിസ് വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ശനിയാഴ്ച രാത്രി മാവോയിസ്റ്റ് സംഘം എത്തിയത് ഞായറാഴ്ച ഉച്ചയോടെയാണ് പൊലിസിന് വിവരം ലഭിച്ചത്. മാവോയിസ്റ്റ് നേതാവ് രൂപേഷ് അറസ്റ്റിലായ ശേഷം രണ്ടാം തവണയാണ് കമ്പമല, മക്കിമല പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. സുരക്ഷ ചുമതയുളള എസ്.എം.എസ് ഡിവൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മാവോയിസ്റ്റുകള്‍ എത്തിയതിനെ തുടര്‍ന്ന് തവിഞ്ഞാല്‍ പഞ്ചായത്തിലെ കൈതക്കൊല്ലിയിലെ 18-ാം നമ്പര്‍ പോളിങ് സ്‌റ്റേഷന് അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഇവിടെ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."