മണ്ണെടുപ്പിനെ തുടര്‍ന്ന് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു
മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് മൂലം റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നതിനേ തുടര്‍ന്ന് നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞു. പായിപ്ര പഞ്ചായത്ത് ആറാം വാര്‍ഡിലെ മുളവൂര്‍ കാവുംപടിയിലാണ് സംഭവം. ദേവസ്യം ബോര്‍ഡിന് കീഴിലുള്ള മുളവൂര്‍ അറേക്കാട് ദേവി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള റോഡിന്റെ സമീപത്ത് നിന്നാണ് സ്വകാര്യ വിക്തി മണ്ണ് നീക്കം ചെയ്തത്. ഇതോടെ റോഡിന്റെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലായി. കനത്ത മഴപെയ്താല്‍ റോഡ് തകരുമെന്ന അവസ്ഥയിലാണ്.
സമീപത്ത് റോഡ് നിര്‍മാണത്തിന്റെ മറവിലാണ് ഇവിടെ നിന്നും ലോഡ് കണക്കിന് മണ്ണ് നീക്കം ചെയ്തത്. സമീപത്തെ പാടശേഖരത്തിലേക്കും ഈ മണ്ണ് നിക്ഷേപിച്ചു. റോഡ് നിര്‍മാണത്തിന്റെ മറവിലാണ് സ്വകാര്യ വിക്തി മണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയത്. രാത്രി കാലങ്ങളിലാണ് ഇവിടെ നിന്നും മണ്ണ് നീക്കം ചെയ്തത്. ഇന്നലെ മണ്ണ് നീക്കം ചെയ്യാനായി മണ്ണ് മാന്തി യന്ത്രവും ടിപ്പറുകളുമായി എത്തിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി നിര്‍മ്മാണം തടഞ്ഞത്.
ഇരുചക്ര വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നതും നിരവധിയാളുകള്‍ കാല്‍നടയാത്ര ചെയ്യുന്നതുമായ റോഡ് കഴിഞ്ഞ വര്‍ഷമാണ് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി കോണ്‍ഗ്രീറ്റ് ചെയ്തത്. റോഡിനോട് ചേര്‍ന്ന് സ്വകാര്യ വിക്തി മണ്ണ് നീക്കം ചെയ്തതോടെ ഏത് സമയത്തും റോഡ് തകരാവുന്ന അവസ്ഥയിലാണ്. റോഡിന് സംരക്ഷണ ഭിത്തിയില്ലാത്തത് സ്കൂള്‍ കുട്ടികള്‍ക്കടക്കം അപകട ഭീക്ഷണിയായിരിക്കുകയാണ്. റോഡിന്റെ ഓരത്ത് നിന്നും അനധികൃതമായി മണ്ണ് നീക്കം ചെയ്തതിനെതിരെ നാട്ടുകാര്‍ ആര്.ഡി.ഒക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."