മനുഷ്യക്കടത്തിന് ഇനി ജീവപര്യന്തം വരെ ശിക്ഷ
കരടു ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍
ദേവദാസി സമ്പ്രദായവും മനുഷ്യക്കടത്തിന്റെ പരിധിയില്‍ വരും
ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് തടയുന്നതിനായി കര്‍ശനവകുപ്പുകള്‍ ചേര്‍ത്ത പുതിയ നിയമം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ പരിഗണിക്കും. മനുഷ്യക്കടത്തു തടയുന്നതിനുപുറമെ ഇരകളുടെ സുരക്ഷിതത്വവും പുനരധിവാസവും ഉറപ്പുവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് ബില്ല് കൊണ്ടുവരുന്നത്. മനുഷ്യക്കടത്തിന്റെ ഇരകള്‍ പ്രായപൂര്‍ത്തിയെത്താത്തവരോ പ്രത്യേക പരിഗണന ലഭിക്കേണ്ടവരോ ദേവദാസി സമ്പ്രദായം പോലുള്ള സംസ്‌കാരവുമായി ബന്ധപ്പെട്ടവരോ ആണെങ്കില്‍ കുറ്റവാളിക്ക് പരമാവധി ജീവപര്യന്തം തടവാണ് ബില്ലില്‍ പറയുന്നത്.
മനുഷ്യക്കടത്ത് (തടയലും സംരക്ഷണവും പുനരധിവാസവും) ബില്ല് -2016 എന്ന പേരിലുള്ള കരട് കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം കേന്ദ്രമന്ത്രിസഭയുടെ അംഗീകരത്തിന് അയച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്ല് അടുത്തമാസം തുടങ്ങുന്ന ശീതകാല സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വിദേശരാജ്യങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ മനുഷ്യക്കടത്തു നടക്കാനുള്ള അവരസങ്ങള്‍ ഇല്ലാതാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളും കരടിലുണ്ട്. കുറ്റക്കാര്‍ക്കു ഏഴുവര്‍ഷമോ കൂടുതലോ കഠിനതടവാണ് ബില്ല് ശുപാര്‍ശചെയ്യുന്നത്. ഇത് പത്തുവര്‍ഷം വരെ ഉയര്‍ത്തുകയുമാവാം. മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംവിധാനം, പ്രത്യേക വിചാരണാ കോടതികള്‍, ഇരകള്‍ക്ക് സംരക്ഷണം, അവരുടെ പുനരധിവാസം എന്നിവ സംബന്ധിച്ചു പഴുതടച്ച നിര്‍ദേശങ്ങളാണു കരടിലുള്ളത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍ക്കു മാത്രമെ വിദേശത്തേക്ക് റിക്രൂട്ട്‌മെന്റ് നടത്താന്‍ അധികാരമുണ്ടായിരിക്കൂ. മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് സംയുക്തമായി ഇരകളെ പുനരധിവസിപ്പിക്കും. ഇതുസംബന്ധിച്ച കേസുകള്‍ കൈകാര്യംചെയ്യാന്‍ ദേശീയ മനുഷ്യക്കടത്ത് അന്വേഷണ ബ്യൂറോ രൂപീകരിക്കാനും കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിനു കീഴില്‍ വരുന്ന ഈ സ്ഥാപനത്തിന്റെ ചുമതല എ.ഡി.ജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കണമെന്നും കരട് ശുപാര്‍ശചെയ്യുന്നു.
ലോകത്ത് ഏറ്റവുമധികം മനുഷ്യക്കടത്ത് നടക്കുന്ന പ്രദേശങ്ങളില്‍ രണ്ടാംസ്ഥാനം ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യക്കെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ (എന്‍.സി.ആര്‍.ബി) കണക്കുപ്രകാരം 2014ല്‍ 5,466 മനുഷ്യക്കടത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അഞ്ചു വര്‍ഷത്തിനിടയില്‍ കേസില്‍ 90 ശതമാനം വര്‍ധനവുണ്ടായി. ലൈംഗികത്തൊഴില്‍, അടിമപ്പണി, ഭിക്ഷാടനം തുടങ്ങിയവയക്കായി ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇന്ത്യയിലും നേപ്പാളിലും ബംഗ്ലാദേശിലും മനുഷ്യക്കടത്തിന് വിധേയമാവുന്നത്.
മനുഷ്യക്കടത്ത് തടയുന്നതിനുള്ള ഇമ്മോറല്‍ ട്രാഫിക്കിങ് (പ്രിവന്‍ഷന്‍) ആക്ട്-1956 നിരവധി പോരായ്മകളുള്ള നിയമമാണ്. ഇതില്‍ കുറ്റക്കാര്‍ക്ക് മൂന്നുമാസം മുതല്‍ ആറുമാസം വരെ മാത്രമാണ് ശിക്ഷ നിര്‍ദേശിക്കുന്നത്. ഇതാവട്ടെ, വേശ്യാവൃത്തിയിലേക്കും അടിമപ്പണിയിലേക്കും പെണ്‍കുട്ടികളെ എത്തിക്കുന്നതു തടയുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ചതാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവരെ അനധികൃതമായി വിദേശരാജ്യങ്ങളിലേക്കടക്കം കടത്തുന്ന സംഭവങ്ങള്‍ തടയുന്നതിന് കര്‍ശനനിയമം വേണമെന്നാവശ്യപ്പെട്ട് സാമൂഹികപ്രവര്‍ത്തക സുനിതാ കൃഷ്ണന്‍ സുപ്രിംകോടതിയെ സമീപിച്ചതോടെയാണ് പുതിയ നിയമനിര്‍മാണത്തിന് സാഹചര്യമുണ്ടായത്.
ഇവരുടെ ഹരജി സ്വീകരിച്ച സുപ്രിംകോടതി, പ്രത്യേക സമിതി രൂപീകരിച്ചു കരട് ബില്ല് തയാറാക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
മാസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ് സമിതി കരടുരൂപം തയാറാക്കിയത്. കരടുരൂപം പൊതുജനങ്ങളുടെ അഭിപ്രായം കൂടി ശേഖരിക്കാനായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."