പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ നടപ്പാലം ഫണ്ട് നഗരസഭ കണ്ടെത്തണം: റെയില്‍വേ
പയ്യന്നൂര്‍: റെയില്‍വേ സ്റ്റേഷന്റെ മൂന്നാം പ്ലാറ്റ്‌ഫോമിനെയും കിഴക്കു ഭാഗത്തെയും ബന്ധപ്പെടുത്തി നടപ്പാലം നിര്‍മിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ കണ്ടെത്തണമെന്ന് റെയില്‍വേ.
മൂന്നു മീറ്റര്‍ വീതിയുള്ള നടപ്പാലം കിഴക്കു ഭാഗത്തേക്ക് നീട്ടി നിര്‍മിക്കണമെന്ന് കാണിച്ച് റെയില്‍വേ പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്ക് നഗരസഭ കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. നഗരസഭക്ക് ആവശ്യമെങ്കില്‍ മാത്രമേ നടപ്പാലം നിര്‍മിക്കുകയുള്ളൂവെന്നാണ് റെയില്‍വേയുടെ നിലപാട്.
ഇതിനാവശ്യമായ മുഴുവന്‍ തുകയും നഗരസഭ കണ്ടെത്തി നല്‍കണം. നഗരസഭക്ക് ലഭിച്ച മറുപടിയില്‍ 86,75,465 രൂപ നടപ്പാലം നിര്‍മാണത്തിനായി ഏതാണ്ട് ചെലവ് വരുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ഇതില്‍ സെന്റേജ് ചാര്‍ജായി 1,73,509 രൂപ റെയില്‍വേക്ക് അടച്ചാല്‍ മാത്രമേ നടപ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുകയുള്ളൂ. എന്നാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് നഗരസഭ തീരുമാനം. ഈ തുക അടക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. തനതുഫണ്ടില്‍ നിന്ന് കണ്ടെത്താനാണ് തീരുമാനം.
ഡെപ്പോസിറ്റ് നിബന്ധന പ്രകാരമാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുകയെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇത്രയും ഭീമമായ ചെലവ് തനിച്ച് കണ്ടെത്താന്‍ നഗരസഭക്ക് കഴിയില്ല.
പി കരുണാകരന്‍ എം.പി, സി കൃഷ്ണന്‍ എം.എല്‍.എ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി തുക കണ്ടെത്താനാണ് നീക്കം. അതിനിടെ റെയില്‍വേ ഉദ്ദേശിക്കുന്ന രീതിയില്‍ നടപ്പിലാക്കിയാല്‍ നടപ്പാലം കൊണ്ട് റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ ഗുണം ലഭിക്കില്ല.
എസ്റ്റിമേറ്റില്‍ ഇത് അല്‍പം കൂടി കിഴക്കോട്ട് നീട്ടാന്‍ നഗരസഭ ശ്രമം നടത്തും. സ്റ്റേഷന്റെ കിഴക്കന്‍ പ്രദേശമായ കണ്ടങ്കാളി, മമ്പലം, മഹാദേവ ഗ്രാമം എന്നീ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രണ്ട് പാളങ്ങള്‍ കടന്നുവേണം സ്റ്റേഷനിലെത്താന്‍.
അതേസമയം, നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് നിന്നുള്ള യാത്രക്കാര്‍ വര്‍ധിക്കും.
ഈ സാഹചര്യത്തില്‍ നിലവിലെ പടിഞ്ഞാറെ പ്രവേശന കവാടത്തിന് പുറമെ കിഴക്ക് ഭാഗത്ത് കൂടി പുതിയ കവാടം നിര്‍മിക്കാന്‍ റെയില്‍വെ തയ്യാറാകണമെന്നും ആവശ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."