കൃഷ്ണഗിരിയിലെ രഞ്ജി; വിദര്‍ഭക്ക് കയ്‌പ്പേറി ആദ്യദിനം
കൃഷ്ണഗിരി: രഞ്ജി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിലെ ആദ്യദിനം വിദര്‍ഭക്ക് കയ്‌പ്പേറിയതായി. ടോസില്‍ തന്നെ ഭാഗ്യം നഷ്ടപ്പെട്ട വിദര്‍ഭയെ ജാര്‍ഖണ്ഡ് ആദ്യം ബാറ്റിംഗിനയക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭയുടെ ക്യാപ്റ്റന്‍ ഫയിസ് ഫസല്‍ നിലയുറപ്പിക്കും മുന്‍പേ കൂടാരം കയറിയതോടെ വിദര്‍ഭയുടെ തകര്‍ച്ചയാരംഭിച്ചു. ഏഴാം ഓവറിലെ നാലാം പന്തില്‍ അരങ്ങേറ്റക്കാരന്‍ വികാശ് സിങാണ് ഫയിസ് ഫസലിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തത്.
ഓപ്പണര്‍ ആര്‍.ആര്‍ സഞ്ജയക്കൊപ്പം മൂന്നാമനായെത്തിയ ഗണേശ് സതീഷ് ചെറുത്തു നില്‍പിന് ശ്രമിച്ചെങ്കിലും ഇരുവരും റണ്‍ കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടി. ഇതിനിടെ 60 പന്തില്‍ 11 റണ്ണെടുത്ത സഞ്ജയിനെ ഇശാന്‍ കിശന്റെ കൈകളിലെത്തിച്ച് എ.ആര്‍ യാദവ് ജാര്‍ഖണ്ഡിന് വീണ്ടും ബ്രേക്ക്ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഷാന്‍വെയറിനെ ആശിഷ് കുമാര്‍ അക്കൗണ്ട് തുറക്കും മുന്‍പ് ക്ലീന്‍ബൗള്‍ഡാക്കി പവലിയനിലെത്തിച്ചു.
പിന്നാലെ 10 റണ്ണെടുത്ത ഗണേശ് സതീഷും ആശിഷിന്റെ വേഗതക്ക് മുന്നില്‍ വീണു. ഇത്തവണയും വിക്കറ്റ് ക്ലീന്‍ബൗള്‍ഡിന്റെ രൂപത്തിലായിരുന്നു. പിന്നീട് ക്രീസിലെത്തിയ ആര്‍ ജന്‍ഗിദും ജെ.എം ശര്‍മയും വിദര്‍ഭയെ പതിയെ കളിയിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സ്‌ട്രൈക്ക് ബൗളര്‍ യാദവെത്തി ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി ജാര്‍ഖണ്ഡിനെ വീണ്ടും മുന്നിലെത്തിച്ചു. പിന്നീടെത്തിയ കാര്‍ണെവറിനെ വികാശ് സിങ് പ്രത്യുശ് സിങിന്റെ കൈകളിലെത്തിച്ചു. പിന്നീടെത്തിയ ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും പിടിച്ച് നില്‍ക്കാനുമായില്ല. ഇതിനിടെ 96 പന്തില്‍ 20 റണ്ണെടുത്ത ജംഗിദിനെ സൗരഭ് തിവാരി റണ്ണൗട്ടാക്കുകയും ചെയ്തു. പിന്നീടെത്തിയ എസ്.ബി വോ 10 റണ്ണുമായി വിക്കറ്റിന് മുന്നില്‍ കുടുങ്ങി വികാശിന് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. തുടര്‍ന്നെത്തിയ വാകെയറെ അക്കൗണ്ട് തുറക്കും മുന്‍പേ വികാശ് സിങ് ഇശാന്‍ കിഷന്റെ കൈകളിലെത്തിച്ചു.
തുടര്‍ന്നെത്തിയ ആര്‍.ഡി താക്കൂറിനെയും അക്കൗണ്ട് തുറക്കും മുന്‍പ് യാദവ് സ്വന്തം ബൗളിങ്ങില്‍ പിടികൂടി. ഇതോടെ 42 ഓവറില്‍ 105 റണ്ണില്‍ വിദര്‍ഭ തകര്‍ന്നടിഞ്ഞു. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ജാര്‍ഖണ്ഡിനും തകര്‍ച്ചയോടെയായിരുന്നു തുടക്കം. രണ്ടാം ഓവറില്‍ത്തന്നെ ഓപ്പണര്‍ വിരാട് സിങിനെ വിദര്‍ഭയുടെ അരങ്ങേറ്റക്കാരന്‍ ആര്‍.എന്‍ ഗുര്‍ബാനി തന്റെ പന്തില്‍തന്നെ പിടിച്ച് പുറത്താക്കി. പിന്നീട് വിദര്‍ഭയുടെ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. സ്‌ട്രൈക്ക് ബാറ്റ്‌സ്മാന്‍ ആനന്ദ് സിങും പ്രത്യുശ് സിങും ചേര്‍ന്ന് ജാര്‍ഖണ്ഡിനെ മുന്നോട്ട് നയിച്ചു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 122 പന്തുകളില്‍ 80 റണ്ണെടുത്ത് പ്രത്യുശ് സിങും 131 പന്തില്‍ 58 റണ്ണുമായി ആനന്ദ് സിങും ക്രീസിലുണ്ട്. 41 റണ്ണിന്റെ ലീഡും ജാര്‍ഖണ്ഡ് നേടിയിട്ടുണ്ട്. ഇന്ന് മികച്ച രീതിയില്‍ ബാറ്റ് വീശി സ്‌കോര്‍ ഉയര്‍ത്തി വിദര്‍ഭയെ ബാറ്റിങ്ങിനയക്കാനാവും ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ സൗരഭ് തിവാരി ശ്രമിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."