ബീച്ച് റോഡിലെ കലുങ്കിന്റെ സ്ലാബ് തകര്‍ന്നിട്ട് മാസങ്ങള്‍; നന്നാക്കാന്‍ നടപടിയായില്ല
ഫറോക്ക്: ബേപ്പൂര്‍ ബീച്ച് റോഡിലെ കലുങ്കിന്റെ സ്ലാബ് തകര്‍ന്നു മാസങ്ങള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയായില്ല. പകുതിയലധികം ഭാഗം സ്ലാബ് തകര്‍ന്നത് ഇടുങ്ങിയ റോഡിലൂടെയുളള യാത്ര ദുരിതമാക്കുകയാണ്. സ്‌കൂള്‍ കുട്ടികളടക്കം കാല്‍നടയായി പോകുന്ന റോഡിലെ സ്ലാബ് പൊളിഞ്ഞു കുഴിയായി കിടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും.
വര്‍ഷങ്ങള്‍ പഴക്കമുളള കലുങ്കിന്റെ സ്ലാബാണ് മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്നത്. കോര്‍പ്പറേഷന്റെ 48-ാം ഡിവിഷനില്‍ ബേപ്പൂരില്‍ നിന്നും ബീച്ചിലേക്ക് പോകുന്ന റോഡില്‍ യാസീന്‍ മദ്രസക്കു മുന്‍പിലാണ് സ്ലാബ് പൊളിഞ്ഞുകിടിക്കുന്നത്. സ്ലാബ് തകര്‍ന്നുണ്ടായ വലിയ കുഴി പകുതിയോളം ഭാഗം വാഹനങ്ങള്‍ക്ക് പോകുന്നതിനായി മണ്ണിട്ടു തൂര്‍ത്തിരിക്കുകയാണ്. ബാക്കി ഭാഗം മരക്കമ്പും മറ്റുമായി മറച്ചുവച്ചിരിക്കുകയാണ്.
കുഴി കാരണം വാഹനങ്ങള്‍ റോഡിന് അരിക് പറ്റി പോകുന്നത് കാല്‍നട യാത്രക്കാര്‍ക്കും ദുരിതമാവുകയാണ്. ബേപ്പൂര്‍ ഭദ്രകാളി ക്ഷേത്രം, മുതുവാക്കര പളളി തുടങ്ങിയ ആരാധനാലയങ്ങളിലേക്ക് പോകുന്ന വഴിയാണിത്.
രാത്രിയടക്കം നിരവധി പേരാണ് റോഡിലെ കുഴി ചാടി കടന്നു പോകുന്നത്. മാറാട്, ഗോതീശ്വരം എന്നിവടങ്ങളിലേക്കും ബേപ്പൂരില്‍ നിന്നും കോഴിക്കോട് ബീച്ചിലേക്കമുളള എളുപ്പ മാര്‍ഗമാണിത്. കൂടാതെ ബേപ്പൂര്‍ പുളിമൂട്ട് റോഡിന്റെ സമാന്തര പാതയുമാണ്. അവധി ദിനങ്ങളില്‍ പുളിമൂട്ട് റോഡിലെ ഗാതാഗതം സ്തംഭിക്കുമ്പോള്‍ വഹനങ്ങള്‍ ഇതുവഴിയാണ് പോവുക. വാഹനങ്ങള്‍ നിരന്തരം കടന്നു പോകുന്ന റോഡിലെ പൊട്ടിപൊളിഞ്ഞ സ്ലാബ് പുനര്‍ നിര്‍മ്മിക്കാത്തതില്‍ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. കോര്‍പ്പറേഷനോട് പരാതിപ്പെട്ടപ്പോള്‍ പൊതുമരാമത്തിന്റെ റോഡാണെന്നു പറഞ്ഞു ഒഴിവാക്കുകയാണുണ്ടായതെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."