ഷംനയുടെ മരണം ജോ. ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തിയിരുന്നതായി പിതാവ്
കൊച്ചി: ചികിത്സയ്ക്കിടെ മരിച്ച എറണാകുളം മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ മരണം സംബന്ധിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചികിത്സാപിഴവ് കണ്ടെത്തിയിരുന്നതായി പിതാവ്.
മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ തയാറാക്കി ആരോഗ്യസെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചികിത്സയ്ക്കിടെ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതായി ഷംനയുടെ പിതാവ് കെ.എ അബൂട്ടി വ്യക്തമാക്കി. മരണം സംബന്ധിച്ച് പി.ജി ഡോക്ടറും ഫിസിഷ്യന്‍ ഡോ.കൃഷ്ണമോഹനും നല്‍കിയ മൊഴികളും ആശുപത്രി രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അബൂട്ടി പറഞ്ഞു. രേഖകള്‍ തിരുത്തിയെന്ന സംശയം ഫോറന്‍സിക് വിദഗ്ധതന്നെയാണ് പറയുന്നതെന്നും അബൂട്ടി ചൂണ്ടിക്കാട്ടി. മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഷംനയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതെന്നും പിതാവ് പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് 18ന് താന്‍ പഠിക്കുന്ന എറണാകുളം മെഡിക്കല്‍ കോളജില്‍ പനിക്ക് ചികിത്സതേടിയെത്തിയ ഷംനയ്ക്ക് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ആന്റിബയോട്ടിക് കുത്തിവയ്പ്പ് നല്‍കുന്നത്. 3.10ന് അലര്‍ജി റിയാക്ഷനുള്ള മരുന്നുകള്‍ നല്‍കി. 3.30ന് ഡ്യൂട്ടി ഡോക്ടര്‍ കാണുമ്പോള്‍ വായില്‍ നിന്ന് നുരയും പതയും വന്ന് പള്‍സും ബി.പിയും കിട്ടാത്ത അവസ്ഥയിലായിരുന്നു.3.35ന് ശ്വാസം നിലച്ച് മസ്തിഷ്‌ക്ക മരണം സംഭവിച്ചിരുന്നു. 3.45ന് എടുത്ത ഇ.സി.ജിയില്‍ ഒരു പ്രവര്‍ത്തനവും രേഖപ്പെടുത്തിയിരുന്നില്ലെന്നും മരണം സംഭവിച്ചിരുന്നെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മരിച്ച വിവരം മറച്ചുവച്ച് ഷംനയെ വൈകിട്ട് ആറുമണിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
ഡോ.ശ്രീകുമാരിയുടെ റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങളുടെ കോപ്പി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിക്കൊണ്ടായിരുന്നു പിതാവ് വിതുമ്പലോടെ കാര്യങ്ങള്‍ വിശദീകരിച്ചത്. ഷംനയെ ചികിത്സിച്ച വാര്‍ഡിലെ അടിയന്തര രക്ഷാ സൗകര്യങ്ങള്‍ സംബന്ധിച്ച് ഡോക്ടറും നേഴ്‌സും പരസ്പര വിരുദ്ധ മൊഴിയാണ് നല്‍കുന്നത്. ജീവന്‍ രക്ഷാ സൗകര്യങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. നേഴ്‌സ് ആകട്ടെ ഇതിന് വിരുദ്ധവും. ജീവന്‍ രക്ഷാമരുന്ന് നല്‍കാന്‍ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുത്തിവയ്പ്പ് എടുത്തിനുശേഷം ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് ഷംനയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിന് 25 മിനുട്ടുവരെ സമയമെടുത്തതും വെന്റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്താതിരുന്നതും ഗുരുതര പിഴവാണ്. ഓക്‌സിജന്‍ നല്‍കുന്നതിനുള്ള സൗകര്യവും ഇവിടെയുണ്ടായിരുന്നില്ല.
പരാതി അന്വേഷിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലെ അംഗവും ഷംനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുമായ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ലിസ ജോണ്‍ വിയോജനക്കുറിപ്പ് എഴുതിയിട്ടുണ്ടെന്നും അബൂട്ടി പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതല വനിത ഐ.പി.എസ് ഉദ്യോഗസ്ഥക്ക് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."