മത്സ്യത്തൊഴിലാളികളുടെ സബ്‌സിഡി മണ്ണെണ്ണ പുനഃസ്ഥാപിക്കണം
തുറവൂര്‍: മത്സ്യത്തൊഴിലാളികളുടെ സബ്‌സിഡി മണ്ണെണ്ണ പുനസ്ഥാപിക്കണമെന്ന് നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിലെ ഒരു ലക്ഷത്തിനുമേല്‍ വരുന്ന ചെറുവള്ളങ്ങളിലും ചെറുബോട്ടുകളിലും പോയി മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്ന സാധാരണ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗം മുട്ടിക്കുന്ന കേന്ദ്ര ഗവര്‍മെന്റിന്റെ നിലപാട് പിന്‍വലിക്കണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ചിരുന്ന സബ്‌സിഡി നിരക്കിലുള്ള മണ്ണെണ്ണയുടെയും ഭക്ഷ്യ ഉല്പന്നങ്ങളുടെയും സബ്‌സിഡി നിലനിര്‍ത്തണം. കേന്ദ്ര ഗവര്‍മെന്റ് അടിയന്തരമായി ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മറ്റ് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചേര്‍ന്ന് സമര പരിപാടികളുമായി മുന്നോട്ട് പോകുന്നതിന് യോഗം തീരുമാനിച്ചു. എന്‍.സി.പി. ചേര്‍ത്തല നിയോജക മണ്ഡലം കമ്മറ്റി ഓഫീസില്‍ കൂടിയ യോഗത്തില്‍ ആസഫ് അലി പൊന്‍പുറത്ത് അധ്യക്ഷതവഹിച്ചു. എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സുല്‍ഫിക്കര്‍ മയൂരി, ജില്ലാ പ്രസിഡന്റ് എന്‍.സന്തോഷ്‌കുമാര്‍, പി.ശിവദാസ്, ഹംസൂ മലപ്പുറം, രാധാകൃഷ്ണന്‍ തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."