അഹമ്മദ് കുരിക്കള്‍ നഗര്‍: തല്‍സ്ഥിതി തുടരണമെന്ന് നഗരസഭാ കൗണ്‍സില്‍
ഈരാറ്റുപേട്ട: നഗരസഭ പുതിയ പ്രസംഗ മണ്ഡപം നിര്മിക്കുന്നവരെ അഹമ്മദ് കുരിക്കള്‍ നഗര്‍ തല്‍സ്ഥിതി തുടരണമെന്നു മുന്‍സിപ്പല്‍ കൗണ്‍സില്‍ യോഗം. പുതുതായി പ്രസംഗ മണ്ഡപം നിര്‍മിക്കുന്നതു വരെ ഭാഗികമായി തകര്‍ത്ത കുരിക്കള്‍ നഗര്‍ പൊളിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എം സിറാജ് ആവശ്യപ്പെട്ടു.
ഈ ആവശ്യത്തെ നഗരസഭയിലെ എസ്.ഡി.പി.ഐ ലീഡര്‍ സുബൈര്‍ വെള്ളാപ്പള്ളി പിന്താങ്ങി. ഇതോടെ 28 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന്റെ 11 പേരുടെയും എസ്.ഡി.പി.ഐയിലെ നാലുപേരുടെയും പിന്തുണ ഈ വിഷയത്തില്‍ ഉണ്ടായതോടു കൂടി ഭൂരിപക്ഷത്തിന്റെ തീരുമാനം ചെയര്മാന് റ്റി.എം റഷീദ് അംഗീകരിക്കുകയായിരുന്നു.
അഹമ്മദ് കുരിക്കള്‍ നഗര്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കാനുള്ള ഭരണസമിതിയുടെ നീക്കങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായി. അഹമ്മദ് കുരിക്കള്‍ നഗര്‍ പൊളിക്കുന്നതിനു 17 കൗണ്‍സിലന്മാരുടെ പിന്തുണയുണ്ടെന്നുള്ള ഭരണ സമിതിയുടെ വാദം ഇതോടെ പൊളിയുകയും ചെയ്തു.അഹമ്മദ് കുരിക്കള്‍ നഗര്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്ലാകാര്‍ഡുമായി യു.ഡി.എഫ് കൗണ്സിലന്മാര് യോഗത്തിനെത്തിയത്.
അഹമ്മദ് കുരിക്കള്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യം അംഗീകരിച്ചതോടു കൂടി പിന്നീട് യോഗം സമാധാനപരമായാണു നടന്നത്. യു.ഡി.എഫിന്റെ ആവശ്യം പരിഗണിച്ച് എല്ലാ വാര്‍ഡുകളിലും പദ്ധതി വിഹിതം തുല്യമായി വീതിക്കുവാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.ചെയര്മാന് റ്റി.എം റഷീദ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."