ഏക സിവില്‍ കോഡിനെതിരേ വിശ്വാസികളുടെ ഐക്യം രൂഢമൂലമാക്കുക: പൂക്കോട്ടൂര്‍
മനാമ: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ സംഘടനാ പക്ഷപാതിത്യങ്ങള്‍ മാറ്റിവച്ച് വിശ്വാസികളെല്ലാം ഐക്യത്തോടെ മുന്നേറണമെന്നും 1984 ലെ മുസ്‌ലിം ഐക്യത്തിന്റെ അന്തരീക്ഷമാണ് ഇന്ന് നിലവിലുള്ളതെന്നും പ്രമുഖ വാഗ്മിയും സുന്നീ യുവജന സംഘം (എസ്.വൈ.എസ്) സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ബഹ്‌റൈനില്‍ പ്രസ്താവിച്ചു.
ഏക സിവില്‍ കോഡ് എന്ന പേരില്‍ ശരീഅത്ത് വിരുദ്ധനീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്ന പാശ്ചാതലത്തില്‍ മലപ്പുറത്ത് നവംബര്‍ 4ന് നടക്കുന്ന സമസ്ത ശരീഅത്ത് സംരക്ഷണ റാലിക്കും സമര പരിപാടികള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ആസ്ഥാനത്ത് നടന്ന ഐക്യദാര്‍ഢ്യപ്രചരണ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങളില്‍ ഏക സിവില്‍ കോഡിനെ കുറിച്ചുള്ള നിര്‍ദേശമുണ്ട് എന്ന ന്യായമാണ് സംഘ്പരിവാര്‍ ശക്തികള്‍ നിരത്തുന്നതും കേന്ദ്രം അത് അംഗീകരിക്കുന്നതും. എന്നാല്‍ അതേ മാര്‍ഗനിര്‍ദേശങ്ങളില്‍ രാജ്യത്ത് സമ്പൂര്‍ണ മദ്യ നിരോധനവും നിര്‍ബന്ധിത വിദ്യാഭ്യാസവും തുടങ്ങി നിരവധി കാര്യങ്ങള്‍ നടപ്പിലാക്കണമെന്നുമുണ്ട്. അതിനൊന്നും താല്‍പ്പര്യം കാണിക്കാതെ ഇക്കാര്യത്തില്‍ മാത്രം ഇടപെടാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ തീര്‍ച്ചയായും സംഘ്പരിവാര്‍ ഗൂഢാലോചനയാണെന്നത് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ മതേതരത്വത്തിന്റെ ഏറ്റവും അടിസ്ഥാനഘടകം എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരാനുള്ള ഭരണഘടനാ അവകാശങ്ങളാണ്. വ്യത്യസ്ത മതവിഭാഗങ്ങളുടെ വ്യക്തിനിയമം ക്രിമിനല്‍ നിയമം പോലെ ഏകീകരിക്കണമെന്ന് പറയുന്നത് ഇന്ത്യയുടെ വൈവിധ്യത്തിനെതിരാണ്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളില്‍ ഓരോ മതവിഭാഗത്തിനും വ്യത്യസ്തമായ അവകാശങ്ങളാണു നിലവിലുള്ളത്. 1937 മുതല്‍ ശരീഅത്ത് നിയമം ആചരിക്കാന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ അവകാശമുണ്ട്. ഇപ്രകാരം രാജ്യത്തെ എല്ലാ മതവിഭാഗത്തിനും അവരവരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. എന്നാല്‍, ഇതിനെല്ലാം ബദലായി ഏക സിവില്‍ കോഡ് കൊണ്ടുവരുന്നത് തത്വത്തില്‍ ഭരണ ഘടനാ വിരുദ്ധം കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങ് സമസ്ത ബഹ്‌റൈന്‍ കോ-ഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. അത്തിപ്പറ്റ സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് എസ്.വി ജലീല്‍ ആശംസകളര്‍പ്പിച്ചു. ഹാഫിള് ശറഫുദ്ദീന്‍ മൗലവി, അശ്‌റഫ് അന്‍വരി, ഹംസ അന്‍വരി, മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ, കാവനൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, അസൈനാര്‍ കളത്തിങ്ങല്‍, ആലി ഹമീദ് ഹാജി, ശറഫുദ്ദീന്‍ മാരായ മംഗലം, അശ്‌റഫ് കാട്ടില്‍പീടിക എന്നിവര്‍ സംബന്ധിച്ചു. എസ്.എം.അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍കാട്ടാന്പള്ളി നന്ദിയും പറഞ്ഞു.
സമസ്ത ഓഡിറ്റോറിയം നിറഞ്ഞൊഴുകിയെത്തിയ വിശ്വാസികളെ എസ്.കെ.എസ്.എസ്.എഫ് വളണ്ടിയര്‍ വിഭാഗം വിഖായ പ്രവര്‍ത്തകര്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."