ഭാര്യയെ മര്‍ദിച്ച സഊദി പൗരന് ശിക്ഷ
ജിദ്ദ: ഭാര്യയെ ക്രൂരമായി അടിക്കുകയും കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്ത ഭര്‍ത്താവിന് സഊദി അപ്പീല്‍ കോടതി മൂന്ന് ദിവസത്തെ തടവും 30 ചാട്ടയടിയും ശിക്ഷയായി വിധിച്ചു. ഭാര്യയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഭര്‍ത്താവിനെ ചാട്ടയടിക്കുന്നതിന് സാക്ഷിയാകുവാനും അപ്പീല്‍ കോടതി അനുവാദം നല്‍കി.
റിയാദിലെ ഒരു സ്വദേശി സ്ത്രീ തന്റെ ഭര്‍ത്താവ് തന്നെ ക്രൂരമായി കടിക്കുകയും അടിക്കുകയും ചെയ്തുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം പരാതിപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയത് വളരെ മോശമായ സാഹചര്യത്തിലായിരുന്നുവെന്നും ഇടത് കയ്യിന്റെ തോളില്‍ കടിച്ച മുറിവ് ആഴത്തിലുള്ളതും രക്ത സ്രാവം കൂടുതലുള്ളതുമായിരുന്നുവെന്നും കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും അടിയുടെ പാടുകളുമുണ്ടായിരുന്നു വെന്നും ഒരു മാസക്കാലം ആശുപത്രിയില്‍ കഴിയേണ്ടി വന്നുവെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിയായ ഭര്‍ത്താവിനെ കോടതിയിലേക്ക് വിളിപ്പിച്ചു വിശദീകരണം ചോദിച്ചപ്പോള്‍ അദ്ദേഹം ഈ ക്രൂരതയെ ന്യായീകരിക്കുകയും താന്‍ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്നും ഇങ്ങനെ ചെയ്യുവാന്‍ എന്താണ് കാരണമെന്ന് അറിയില്ലെന്നും തനിക്കതില്‍ അതിയായ ഖേദമുണ്ടെന്നും പറഞ്ഞു.
പിന്നീട് കേസ് പ്രശ്‌ന പരിഹാര സമിതിയിലേക്ക് അയച്ചു. പക്ഷേ ദമ്പതികള്‍ ഒരു പരിഹാരത്തിലേക്ക് എത്താത്തതിനാല്‍ കേസ് വീണ്ടും കോടതിയിലെത്തുകയും ഭര്‍ത്താവിനെതിരെ ശിക്ഷ വിധിക്കുകയുമായിരുന്നു. ഇത്തരം സംഭവങ്ങള്‍ പൊതു നിയമത്തിനു വിരുദ്ധമാണെന്ന് വിധി പറയവെ ജഡ്ജി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."