വെടിക്കെട്ടിന് കര്‍ശന നിയന്ത്രണം: ഗുണ്ടിനും അമിട്ടിനും വിലക്ക്
തിരുവനന്തപുരം:പരവൂര്‍ വെടിക്കെട്ട് ദുരന്തം അന്വേഷിച്ച സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ വെടിക്കെട്ടിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ സര്‍ക്കുലര്‍. പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകളില്‍ ഗുണ്ടും അമിട്ടും അടക്കമുള്ള സ്‌ഫോടക ശേഷിയുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ല. മത്സരക്കമ്പങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്‌സ്‌പ്ലോസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനമാക്കിയാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വെടിക്കെട്ടില്‍ പാലിക്കേണ്ട നിയമങ്ങളും നിയന്ത്രണങ്ങളും ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ളതാണ് സര്‍ക്കുലര്‍. വെടിക്കെട്ടുകള്‍ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തി.
സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ല, വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് ജില്ലാ കലക്ടര്‍ സ്ഥലം പരിശോധിക്കണം, വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യവുമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളൂ. സര്‍ക്കുലറിലെ നിര്‍ദേശങ്ങളില്‍ മിക്കവയും വെടിക്കെട്ട് നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിയമങ്ങളായി സംസ്ഥാനത്ത് പ്രാബല്യത്തിലുള്ളതാണ്. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍.
വെടിക്കെട്ടിനു മുമ്പ് സുരക്ഷാ പരിശോധന അംഗീകൃത ഏജന്‍സിയെ കൊണ്ട് നടത്തിക്കണമെന്നും കുഴിമിന്നല്‍, സൂര്യകാന്തി എന്നീ വെടിക്കെട്ട് സാമഗ്രികള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
തൃശൂര്‍ പൂരം സംഘാടകരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. പുതിയ സര്‍ക്കുലര്‍ പ്രകാരം സംസ്ഥാനത്ത് എവിടെയും വെടിക്കെട്ട് നടത്താന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തല്‍.
വെടിക്കെട്ട് നിയന്ത്രണത്തിനെതിരെ പൂരപ്രേമികള്‍ പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് നടത്തിപ്പ് അസാധ്യമാക്കുന്ന തരത്തിലുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ ശ്രമിച്ചില്ലെങ്കില്‍ തീരുമാനം സംഘര്‍ഷത്തിന് കാരണമാകുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."