മാവോയിസ്റ്റുകള്‍ കാടിറങ്ങി; വനത്തില്‍ കഞ്ചാവ് കൃഷി വ്യാപകം
അഗളി : ഒരുഘട്ടത്തില്‍ അട്ടപ്പാടി മലനിരകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്ന കഞ്ചാവ് കൃഷി വീണ്ടും സജീവമാകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി അട്ടപ്പാടിയുടെ വിദൂരദിക്കുകളില്‍ മാവോവാദികളുടെ സാന്നിധ്യം ഉണ്ടായിരുന്നതുകൊണ്ട് കഞ്ചാവ് കൃഷിക്കാര്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാടിനകത്ത് വെട്ടാന്‍ പാകത്തിലായ കഞ്ചാവ് കൃഷിയെക്കുറിച്ച് പൊലിസിന് വിവരം ലഭിച്ചു.
മുന്‍പും പൊലിസും തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള മാവോയിസ്്റ്റ് വേട്ടയില്‍ പ്രാവിണ്യം നേടിയ ഉദ്യോഗസ്ഥരുമൊക്കെ അരിച്ചുപെറുക്കിയിരുന്ന സ്ഥലങ്ങളിലാണ് ഇപ്പോള്‍ കഞ്ചാവ് കൃഷി വ്യാപകമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സ്ഥലത്ത് അഗളി ഡി.വൈ.എസ്.പി ടി.കെ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലെത്തിയ സംഘം വിളവെടുപ്പിന് പാകമായ കഞ്ചാവ് ചെടികള്‍ വെട്ടി നശിപ്പിച്ചു.
ഉള്‍വനങ്ങളില്‍ അടിക്കാടു വെട്ടിമാറ്റാത്ത ഒറ്റയടിപ്പാതയുണ്ടാക്കി വനങ്ങളാല്‍ ചുറ്റപ്പെട്ട താഴ്‌വരയില്‍ നിന്നാണ് വിളവെടുക്കാറായ 400ലധികം കഞ്ചാവ് തൈകളാണ് പൊലിസ് നശിപ്പിച്ചത്.
നേരത്തെ പൊലിസിന് പലപ്പോഴായി ലഭിച്ച വിവരങ്ങള്‍ വെച്ച് ദിവസങ്ങളോളം നടത്തിയ റെയ്ഡില്‍ ഒരൊറ്റ കഞ്ചാവ് ചെടിയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വനത്തോട് ചേര്‍ന്നുള്ള ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ചില വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നത്.
എന്നാല്‍ മാവോവാദികള്‍ ഏതാനും മാസങ്ങളായി അവരുടെ പ്രവര്‍ത്തനമേഖല മാറ്റിയതായി ഇന്റലിജന്‍സ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ കാലയളവിലാണ് കഞ്ചാവ് കൃഷിക്കാര്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
ഇപ്പോള്‍ ഉള്‍വനത്തിനകത്ത് വ്യാപകമായി കഞ്ചാവ് കൃഷി നടക്കുന്ന വിവരം പൊലിസിന് ലഭിക്കുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."